കര്‍ണ്ണാടകം സുരക്ഷിതമല്ല ; കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്
ചാക്കിട്ടു പിടുത്തം തടയുവാന്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കുവാന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടുകള്‍. രാത്രിയോടെ പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള എടുപിടി നീക്കവുമായി കേന്ദ്രനേത്രുത്വം രംഗത്ത് വന്നത്.
എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചതോടെ സുരക്ഷിത താവളത്തിലേക്ക് എല്ലാവരേയും മാറ്റേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന് അത്യാവശ്യമായിവന്നു. ഇതോടെയാണ് കേരളത്തിലെയോ പഞ്ചാബിലെയോ റിസോര്‍ട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ ആലപ്പുഴയിലുള്ള റിസോര്‍ട്ടിലേക്ക് എം.എല്‍.എമാര്‍ യാത്രതിരിച്ചുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.