കര്‍ണ്ണാടക നാടകം ബി ജെ പിക്ക് തിരിച്ചടിയാകുന്നു ; മറ്റു സംസ്ഥാനങ്ങളില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുള്ള രാഷ്ട്രീയ നാടകങ്ങള്‍ ബിജെപിക്ക് പാരയായി മാറുന്നു. ഭരണം പിടിക്കാന്‍ ഗവര്‍ണ്ണറെ കൊണ്ട് ബിജെപി നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ക്ക് തന്നെ പാരയായി മാറിയത്. ഗോവയിലാണ് ഇപ്പോള്‍ പ്രതിപക്ഷമായ കോണ്ഗ്രസ് ഈ അവസരം മുതലെടുക്കുവാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷമുള്ള ഒറ്റക്കക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു എന്ന യുക്തി ഗോവയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ഉണ്ടായില്ല എന്നതും, രണ്ടു സംസ്ഥാനങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള പരിഗണനയാണ് ഗവര്‍ണര്‍മാരില്‍നിന്ന് ലഭിച്ചത് എന്നതുമാണ് കര്‍ണാടകത്തിലെ നാടകീയ നീക്കങ്ങള്‍ ഗോവയിലേക്കു വ്യാപിക്കാന്‍ കാരണമായത്. കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം.
മാത്രമല്ല, നാളെ സുപ്രീംകോടതി കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ഗോവയും അവിടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നടപടി. ഗോവയില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എംജിപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആകെ 40 അംഗങ്ങളുള്ള ഗോവയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളും ബിജെപിക്ക് 14 അംഗങ്ങളുമാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ബിജെപിയെയാണ് അന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിശ്വജിത് റാണെ രാജിവെച്ച് ബിജെപി ബിജെപി സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയായിരുന്നു.
കൂടാതെ എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണയോടെ ആറ് എംഎല്‍മാരെക്കൂടി ചേര്‍ത്ത് ബിജെപി അവിടെ 21 അംഗ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. അതേസമയം മണിപ്പൂര്‍, മേഘാലയ, ബിഹാര്‍ എന്നിവടങ്ങളിലും സമാന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്. തൂക്കു മന്ത്രിസഭയുടെ സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി നല്‍കുക എന്നത് ഗവര്‍ണറുടെ വിവേചനാധികാരമായിരിക്കേ, വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് വിവേചനപരമാണ് എന്നത് കോടതിയെ ബോധ്യപ്പെടുത്താനും സമ്മര്‍ദ്ദമുയര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.