പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ ബന്ധുവായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ താമസസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അടൂരില്‍ വാടക വീട്ടില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന സഹോദരങ്ങളെയാണ് ബന്ധുവായ 19കാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. അച്ഛന്‍ വിദേശത്തായിരുന്നതിനാല്‍ അമ്മയോടൊപ്പമായിരുന്നു കുട്ടികളുടെ താമസം. ഇതിനിടെ അമ്മയ്ക്ക് രോഗം ബാധിച്ചതിനാല്‍ സഹോദരീപുത്രനായ 19കാരനും ഇവിടെ സഹായത്തിനെത്തി. ഈ ദിവസങ്ങളിലാണ് യുവാവ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടരുകയായിരുന്നു.

പിന്നീട് അമ്മ മരിച്ചതോടെ കുട്ടികള്‍ രണ്ട് പേരും കോഴിക്കോട് അച്ഛന്റെ വീട്ടിലായി താമസം. ഇവിടെവച്ചാണ് ബന്ധുക്കള്‍ക്ക് കുട്ടികളുടെ സ്വഭാവത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ കൗണ്‍സിലിങിന് വിധേയമാക്കി. ഇതോടെയാണ് കുട്ടികള്‍ പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതിയായ 19കാരന്‍ മംഗലാപുരത്ത് പഠിക്കുകയാണ്. കുട്ടികള്‍ തനിക്കെതിരെ കേസ് നല്‍കിയതോടെ ഇയാള്‍ ഇവിടെനിന്നും മുങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആലപ്പുഴയില്‍ നിന്ന് ട്രെയിനില്‍ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം കുട്ടികളുടെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരുമാസത്തോളമായി കേസില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.