സഭയില്‍ ശാന്തരായിരിക്കണം ബിജെപിയുടെ പ്രകോപനങ്ങളില്‍ വീഴരുത് എന്ന് കോണ്ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം

വിശ്വാസവോട്ടെടുപ്പ് വേളയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. എം എല്‍ എമാരെ പ്രകോപിപ്പിക്കാന്‍ ബി.ജെ.പിയുടെ ശ്രമം ഉണ്ടാകുമെന്നും ആരും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം വന്നിരിക്കുന്നത്. ബി.ജെ.പി അംഗങ്ങള്‍ ഏത് തരത്തിലുമുള്ള പ്രകോപനങ്ങള്‍ക്കും മുതിരാം. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്ന് നിലവിട്ട പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

സഭയില്‍ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ കെ.ജി. ബൊപ്പയ്യയാണ് പ്രോടെം സ്പീക്കര്‍. 2011-ല്‍ ബി.ജെ.പി. ഭരണകാലത്ത് യെദ്യൂരപ്പയ്ക്കെതിരെയുള്ള വിമത നീക്കത്തെ ചെറുത്ത് സര്‍ക്കാരിനെ രക്ഷിച്ചത് അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യയാണ്.