കോണ്ഗ്രസ് എം എല്‍ എയെ കാണ്മാനില്ല ; ബി ജെ പി കടത്തി എന്ന് ഭയം ; അവസാനം നീന്തല്‍ക്കുളത്തില്‍ നിന്നും കണ്ടെത്തി
ബിജെപിയുടെ ‘ദൃഷ്ടി’ പതിയാതെ നാടുകടത്തിയതില്‍ ഒരു എംഎല്‍എയെ കാണാതായത് കോണ്‍ഗ്രസ് പാളയത്തെ ആശങ്കയിലാഴ്ത്തി. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയുള്ള എംഎല്‍എമാര്‍ ചാടിപോകാതിരിക്കാന്‍ മൊബൈല്‍ ആപ്പ് വഴി ഇവരുടെ നീക്കങ്ങളും അപ്പപ്പോള്‍ നേതൃത്വം വീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഒരു എം എല്‍ എയെ കാണ്മാനില്ല എന്ന് മനസിലാകുന്നത്. ഏറ്റവും നിര്‍ണായകമായ സമയത്ത് എംഎല്‍എയെ കാണാതായത് മറ്റുള്ളവരെ ആശങ്കയിലാക്കി. തുടര്‍ന്ന് ഹോട്ടലിലെ ബാര്‍ മുതല്‍ ശുചിമുറി വരെ ഹോട്ടല്‍ ജീവനക്കാരും അരിച്ചുപെറുക്കി.
ഒടുവില്‍ ആ എംഎല്‍എയെ ബിജെപിക്കാര്‍ കടത്തി എന്ന സംശയത്തിലായി ഏവരും. അവസാനം പോയത് പോകട്ടെ ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കാണാതായ എംഎല്‍എ സ്വിമ്മിംഗ് പൂളില്‍ നീന്തി ഉല്ലസിക്കുന്നത് ജീവനക്കാരില്‍ ഒരാള്‍ കണ്ടെത്തിയത്. 600 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ ക്ഷീണം മാറ്റാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്നായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എമാരെ എതിര്‍പാളയത്തിലുള്ളവര്‍ ചാക്കിട്ട് പിടിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്.