കര്‍ണ്ണാടക ; മുന്‍‌തൂക്കം കോണ്ഗ്രസിന് ; ബിജെപിക്ക് തിരിച്ചടികളുടെ ഘോഷയാത്ര

കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവില്‍ കോണ്ഗ്രസിനാണ് മുന്‍തൂക്കം എന്ന് റിപ്പോര്‍ട്ട്. യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ റദ്ദക്കണം എന്ന ആവശ്യവും പ്രൊടെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ജികെ ബൊപ്പയ്യയെ മാറ്റണം എന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ ബിജെപിക്ക് അനുകൂലമായ വിധികള്‍ എന്ന് തോന്നാമെങ്കിലും നിയമ പോരാട്ടങ്ങളില്‍ അത്യന്തികമായി മുന്‍തൂക്കം ലഭിച്ചത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണ്. സത്യപ്രതിജ്ഞ റദ്ദാക്കാതെ, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് വേണ്ടത് എന്ന കോടതിയുടെ നിര്‍ദ്ദേശം ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ കുതിരക്കച്ചവടത്തിന് ഇടം നല്‍കാതെ വളരെ പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവ് ബിജെപിക്ക് തിരിച്ചടിയായി മാറുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന്റെ തീയ്യതി നീട്ടണം എന്ന് പോലും ബിജെപിക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ അഡ്വ മുഗുള്‍ റോത്തഗി ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി.

സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് എംഎല്‍എമാര്‍ കൂറിമാറിയാല്‍ അത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴില്‍ വരില്ലെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദവും സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രൊടെം സ്പീക്കറെ നിയമിക്കാനുള്ള ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഏറ്റ ഒരു തിരിച്ചടി. എന്നാല്‍ അതിലും വലിയ നേട്ടമാണ് ഇത് കോടതിയില്‍ എത്തിച്ചതുകൊണ്ട് കോണ്‍ഗ്രസ് സഖ്യം നേടിയത്. വിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് മാധ്യമങ്ങള്‍ വഴി കൂടി ആകണം എന്ന് പറഞ്ഞപ്പോള്‍ നടപടി ക്രമങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മറ്റ് നടപടിക്രമങ്ങള്‍ ഒന്നും പ്രൊടെ സിപീക്കര്‍ നടത്തരുത് എന്ന് കൂടി സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് ന്നെ ബൊപ്പയ്യക്കോ ബിജെപിയ്ക്കോ മറ്റ് അട്ടിമറികള്‍ നടത്താന്‍ ആവില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യവും ആദ്യ ദിവസം കെകെ വേണുഗോപാല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതും സുപ്രീം കോടതി തള്ളിക്കളഞ്ഞു. പരസ്യ വോട്ട് തന്നെ നടത്തണം എന്നായിരുന്നു വിധി. ശബ്ദവോട്ടിന്റെ സാഹചര്യം ഒഴിവാക്കി ഡിവിഷണല്‍ വോട്ടിങ് നടത്തണം എന്ന കാര്യം കൂടി ഉത്തരവില്‍ ഉള്‍പ്പെടുത്തണം എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത്തരം ഒരു നിര്‍ദ്ദേശം കൂടി കോടതി നല്‍കിയിട്ടുണ്ട്. അതുപോലെ ഗവര്‍ണറുടെ നടപടിക്രമങ്ങളുടെ നിയമ സാധുത പിന്നീട് പരിശോധിക്കുമെന്നും സുപ്രീം കോടതി ഉറപ്പ് നല്‍കിയിട്ടുണ്ട്.