കേരളത്തില്‍ പെട്രോള്‍ വില 80 കടന്നു ; കര്‍ണ്ണാടക ചൂടില്‍ പെട്രോള്‍ വില കൂടിയത് ആരും ശ്രദ്ധിച്ചില്ല

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പിടിച്ചു നിര്‍ത്തിയിരുന്ന പെട്രോള്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. 79.69 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ പെട്രോളിന്റെ വില. കൊച്ചിയില്‍ 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയും. കര്‍ണ്ണാടക ഇലക്ഷനെ തുടര്‍ന്ന്‍ രണ്ടാഴ്ചയോളം ദിവസേനയുള്ള വിലനിര്‍ണയം നടന്നിരുന്നില്ല. ദിവസേനയുള്ള വിലനിര്‍ണയം നിര്‍ത്തിവെക്കുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വില 77.39 രൂപയായിരുന്നു.

അതേസമയം ഇന്ധനവിലയിലെ തീരുവകള്‍ കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനികുതികള്‍ കുറയ്ക്കട്ടേയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ക്രൂഡ് ഓയില്‍ വിലയിടിഞ്ഞപ്പോള്‍ 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ ഒന്‍പതുതവണ കേന്ദ്ര എക്സൈസ് നികുതി കൂട്ടിയിരുന്നു. പെട്രോള്‍ നികുതി 9.48 രൂപയില്‍നിന്ന് 21.48 രൂപയായി കൂടി. ഡീസലിന്റേത് 3.56 രൂപയില്‍നിന്ന് 17.33 രൂപയായി. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 18.89 രൂപയാണ്. ഡീസലില്‍നിന്ന് ലിറ്ററിന് 14.58 രൂപയും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന് എക്സൈസ്-കസ്റ്റംസ് തീരുവയിനത്തില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും ലഭിക്കുന്നു. ഫലത്തില്‍ രണ്ടു സര്‍ക്കാരും ചേര്‍ന്ന് സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.