കര്‍ണ്ണാടക ; ലഭിച്ചത് ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി ; രാഹുല്‍ ഗാന്ധി
കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് ബിജെപി പാഠം പഠിക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രിയെന്നും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിക്ക് എതിരായി ഒരുമിച്ചു നിന്നു. പണമല്ല ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രധാനം, ജനഹിതമാണെന്ന് അവര്‍ കാട്ടിക്കൊടുത്തു. ബിജെപിയുടെ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയ കര്‍ണാടകത്തിലെ എല്ലാ ജനങ്ങള്‍ക്കും ദേവഗൗഡയ്ക്കും നന്ദി അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ പ്രധാനമന്ത്രി നേരിട്ട് അംഗീകാരം കൊടുത്തത് എല്ലാവരും കണ്ടുകഴിഞ്ഞു.
അദ്ദേഹം അഴിമതിക്കാരനാണെന്ന് തെളിച്ചിരിക്കുന്നു. രാജ്യത്തെ വ്യവസ്ഥാപിത സ്ഥാപനങ്ങളെ മോദിയും അമിത് ഷായും ആര്‍എസ്എസും ബഹുമാനിക്കുമെന്ന് തോന്നുന്നില്ല. കര്‍ണാടകയിലെ ജനങ്ങളുടെ വിധിയെ അനാദരിക്കുകയാണ് അവര്‍ ചെയ്തത്. കര്‍ണാടകയില്‍ മാത്രമല്ല, ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അത് കണ്ടു. കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അഹങ്കാരത്തിന് പരിധിയിട്ടിരിക്കുന്നു. ഏകാധിപതിയുടെ സ്വഭാവമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്. രാജ്യത്തേക്കാളോ ജനതയേക്കാളോ സുപ്രീം കോടതിയേക്കാളോ വലുതല്ല പ്രധാനമന്ത്രി’, എന്ന് അദ്ദേഹം മനസ്സിലാക്കണം. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.