രാജിവെച്ച് തോല്‍വി സമ്മതിച്ച് യെദ്യൂരപ്പ ; ബിജെപിയുടെ അതിബുദ്ധിക്ക് ഏറ്റ കനത്തപ്രഹരം
എങ്ങനെയും അധികാരം കൈക്കലാക്കണം എന്ന ബിജെപിയുടെ അതിബുദ്ധിക്ക് ഏറ്റ കനത്തപ്രഹരമായി മാറി കര്‍ണ്ണാടക. മന്ത്രിസഭയുണ്ടാക്കാനുള്ള ബിജെപിയുടെ അവസാനവട്ട ശ്രമവും പാളിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് യെദ്യൂരപ്പ അടിയറവു പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ യെദ്യൂരപ്പ തോല്‍വി സമ്മതിച്ച് പിന്മാറിയത്. ഇന്നലെയും ഇന്നുമായി കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് എംഎല്‍എമാരെ ഒപ്പം നിറുത്താന്‍ കൊണ്ടുപിടിച്ച് ശ്രമങ്ങളാണ് ബിജെപി നടത്തിവന്നത്.
അതേസമയം അടുത്ത വര്‍ഷം നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്‍റെ മുന്നോരുക്കമെന്ന നിലയിലാണ് കര്‍ണാടകത്തില്‍ ഇലക്ഷന്‍ നടന്നത്. രാജ്യത്ത് തുടര്‍ ഭരണം പ്രതീക്ഷിച്ച് അവസാന പോരിനു ഇറങ്ങിയ ബിജെപിക്ക് എന്നാല്‍ കൈ പൊള്ളിയ സ്ഥിതിയാണ് ഇപ്പോള്‍. അതേസമയം മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും ബിജെപിയെ തടയാന്‍ സ്വീകരിച്ച ത്യാഗം ബിജെപി വിരുദ്ധ വിശാലചേരിക്ക് ഇന്ധനം പകരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു. ബിജെപിക്ക് അധികാരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയേക്കാള്‍ രാജ്യം മുഴുവന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നേടിയതാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും കഴിഞ്ഞു. തെന്നിന്ത്യയിലേക്കുള്ള തിരിച്ചുവരവ് ബിജെപി ഏറെക്കാലമായി കാണുന്ന സ്വപ്നമാണ്. മുമ്പ് രണ്ട് തവണ അധികാരത്തിലേറിയപ്പോഴും ഭൂരിപക്ഷമില്ലായിരുന്നു.