അതിര്‍ത്തിയില്‍ ഇനി മനുഷ്യജീവനുകള്‍ പൊഴിയില്ല ; ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ റോബോട്ടുകള്‍ വരുന്നു
കരസേന, നാവിക സേന, വ്യോമസേന തുടങ്ങി മുഴുവന്‍ സൈനിക വിഭാഗങ്ങളുടെയും പ്രഹരശേഷിയും ആക്രമണ രീതിയും മാറ്റിമറിച്ച് കരുത്തുകൂട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. ആളില്ലാ യുദ്ധ വിമാനങ്ങള്‍, ടാങ്കുകള്‍, കപ്പലുകള്‍, റോബോട്ടുകള്‍ തുടങ്ങിയവയാണ് ഇനി ഇന്ത്യയുടെ അതിര് കാക്കാന്‍ വരാന്‍ പോകുന്നത്. കരയിലും കടലിലും ആകാശത്തും നിര്‍മിത ബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങള്‍ ആക്രമണത്തിന് നിര്‍ദ്ദേശം കാത്ത് യുദ്ധസജ്ജരായി നിലകൊള്ളും. നിര്‍മിത ബുദ്ധിയെ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്നതില്‍ അയല്‍ രാജ്യമായ ചൈന ഏറെ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് മാറിയ സാഹചര്യത്തില്‍ കരുത്തുകൂട്ടാന്‍ ഇന്ത്യയും ഒരുങ്ങുന്നത്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ നേതതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ പദ്ധതിക്കാവശ്യമായ രൂപരേഖ തയ്യാറാക്കും. ഭാവിയിലെ യുദ്ധങ്ങള്‍ മാറും. നിര്‍മിത ബുദ്ധിയിലാണ് ഭാവി. അതിനാല്‍ സാങ്കേതിക വിദ്യയും റോബോട്ടിക്‌സും ഉപയോഗിക്കുന്ന കാര്യത്തില്‍ നമുക്കും തയ്യാറായിരിക്കേണ്ടതുണ്ടെന്നും പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ് കുമാര്‍ പറയുന്നു. അടുത്തകാലത്തായി പ്രതിരോധ രംഗത്ത് നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റ് ലോക ശക്തികള്‍ ചെയ്യുന്നതുപോലെ ആളില്ലാ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, യുദ്ധക്കപ്പലുകള്‍, ഓട്ടോമാറ്റിക് റോബോട്ടിക് റൈഫിളുകള്‍ തുടങ്ങിയവ ആയുധ ശേഖരത്തിന്റെ ഭാഗമാക്കുവാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയ്ക്ക് ഐടി മേഖലയില്‍ ശക്തമായ അടിത്തറയുള്ളത് മുതല്‍കൂട്ടാകുമെന്നും ഡിആര്‍ഡിഒ ആയിരിക്കും പദ്ധതിയില്‍ പ്രമുഖ സ്ഥാനം വഹിക്കുക.