ശിവകുമാര്‍ ; അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്ക് തടയിട്ട കോണ്ഗ്രസിന്‍റെ ബുദ്ധികേന്ദ്രം

ബിജെപി തിരഞ്ഞെടുപ്പുകളില്‍ പല സംസ്ഥാനങ്ങളിലും ജയിക്കുവാന്‍ കാരണമായത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കൂര്‍മ്മ ബുദ്ധിയും ചാണക്യതന്ത്രങ്ങളുമായിരുന്നു. ജനഹിതം തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ വേണ്ടി തന്ത്രങ്ങളാണ് അമിത് ഷായും ബിജെപിയും പയറ്റിയിരുന്നത്. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ വിലപ്പോയില്ല എന്നതാണ് സത്യം. കര്‍ണ്ണാടകയില്‍ അധികാരം പിടിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പൊളിയുകയായിരുന്നു. ഗവര്‍ണ്ണറെ മുന്നില്‍ നിര്‍ത്തി കര്‍ണ്ണാടക പിടിക്കാം എന്ന മോഹം അസ്ഥാനത്തായി എന്ന് മാത്രമല്ല പെട്ടന്ന് കഴുകികളയുവാന്‍ പറ്റാത്ത നാണക്കേടുമായി. അമിത് ഷായെ കടത്തിവെട്ടുന്ന തരത്തില്‍ ആരാണ് കോണ്ഗ്രസിനെ സഹായിച്ചത് എന്ന് കേട്ടാല്‍ ഡി.കെ ശിവകുമാര്‍ എന്നാകും ഉത്തരം. അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ പൊളിച്ചടുക്കി കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിന് കര്‍ണ്ണാടകയില്‍ അധികാരത്തിലേറാന്‍ വഴിതെളിയിച്ചത് ഡികെയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങളാണ്. മുന്‍ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റായ ഡികെ ശിവകുമാറിന്റെ ചടുലനീക്കങ്ങളാണ് അമിത്ഷായുടെ തുറുപ്പുചീട്ടുകളെ ഇല്ലാതാക്കിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോടികളുടെ ഓഫറും മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളുമായി ബിജെപി ഇറങ്ങിയപ്പോള്‍ ഇതിനെയെല്ലാം പ്രതിരോധിച്ച് എംഎല്‍എമാരെ സുരക്ഷിതമായി റിസോര്‍ട്ടില്‍ പാര്‍പ്പിക്കുകയും ശക്തിതെളിയിക്കാന്‍ വിധാന്‍സൗധയിലുമെത്തിച്ച ഡികെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നത്. നേരത്തെ തന്നെ കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന ഡികെ ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ പുതുചാണക്യനായാവും അറിയപ്പെടുക. കര്‍ണ്ണാടകയിലെ ബിജെപി രാഷ്ട്രീയത്തെ പിന്‍സീറ്റിലിരുന്ന ഭരിക്കുന്ന റെഡ്ഡി സഹോദന്‍മാരോട് നേര്‍ക്കുനേര്‍ പേരാടാന്‍ കോണ്‍ഗ്രസില്‍ കെല്‍പ്പുള്ള ഒരേയൊരാളാണ് ഡികെ. റെഡ്ഡിയോളം ആള്‍ബലവും ബിസിനസ് ബന്ധങ്ങളുമില്ലെങ്കിലും ഇവരെ വിറപ്പിക്കാന്‍ കഴിയുന്ന സ്വാധീനങ്ങള്‍ ഡികെ. ശിവകുമാറിനുണ്ട്. യെദ്യൂരപ്പയെ അധികാരത്തില്‍ പിടിച്ചുനിര്‍ത്താന്‍ റെഡ്ഡി സഹോദരങ്ങള്‍ പണവും ആള്‍ബലവുമായി പരസ്യമായി രംഗത്തുവന്നെങ്കിലും ഇതിനെയെല്ലാം പ്രതിരോധിക്കാനായത് ഡികെയുടെ ഈ സ്വാധീനത്തിലാണ്.

ഒരുഘട്ടത്തില്‍ ബിജെപിയിലെ ആറ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തി പിളര്‍പ്പുണ്ടാക്കാന്‍ വരെ ഡികെ നീക്കം നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നു. ഡികെ ശിവകുമാറും സഹോദരനും ബെംഗളൂര്‍ റൂറല്‍ എംപിയുമായ ഡികെ സുരേഷും നയിച്ച റിസോര്‍ട്ട് നാടകത്തില്‍ എംഎല്‍എമാരുടെ പട്ടികയുമായി വിധാന്‍ സൗധയില്‍ നിന്ന് ഈഗിള്‍ട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തില്‍ ആദ്യവസാനം മാധ്യമങ്ങള്‍ക്ക് അപ്ഡേറ്റുകള്‍ നല്‍കിയതും തന്ത്രങ്ങള്‍ ഒരുക്കിയതും ഡികെയായിരുന്നു. മോഹിച്ച മുഖ്യമന്ത്രി സ്ഥാനം കൈവിട്ടെങ്കിലും ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുകയാണ് ഡികെയുടെ മനസ്സിലിരുപ്പ്. ക്രൈസിസ് മാനേജറെന്ന നിലയിലെ മികച്ച പ്രകടനം ഇതിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഡികെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ജനതാദളിന്റെ കുമാരസ്വാമിയും ഡികെയും വൊക്കാലിംഗ സമുദായക്കാരാണ്.

അതുപോലെ ബി ജെ പിയുടെ ഇരട്ടമുഖമാണ് കര്‍ണാടകയിലേറ്റ തിരിച്ചടിയിലും നാണക്കേടിലും പരസ്യമായത്. ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയനോട്ടീസ് ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് ബി.ജെ.പി. കഴിഞ്ഞസമ്മേളനത്തില്‍ സ്വീകരിച്ചത്. അതേസമയം, കര്‍ണാടകത്തില്‍ ഭൂരിപക്ഷമില്ലെന്ന് തുടക്കത്തിലേ വ്യക്തമായിട്ടും കോണ്‍ഗ്രസിനെയും ജനതാദളിനെയും പിളര്‍ത്തി വിശ്വാസവോട്ട് നേടാനുള്ള ശ്രമവും അവര്‍ നടത്തി. രണ്ടും ജനാധിപത്യവിരുദ്ധം പ്രവര്‍ത്തികള്‍ ആയിരുന്നു. പ്രധാനമന്ത്രി മോദിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായും പയറ്റിയ എല്ലാ അടവുകളും പ്രതിപക്ഷ ഐക്യത്തിന്റെയും കോടതി ഇടപെടലിന്റെയും മതിലില്‍തട്ടി തകരുകയായിരുന്നു. ‘വ്യത്യസ്തമായ പാര്‍ട്ടി’യാണ് തങ്ങളെന്ന ബി.ജെ.പി.യുടെ പ്രഖ്യാപിത മുദ്രാവാക്യത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയെ എതിര്‍ക്കാന്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സഖ്യങ്ങളും ധാരണകളും ഉണ്ടാക്കാന്‍ കരുത്തുപകരുന്നതാണ് കര്‍ണാടകയിലെ സംഭവങ്ങള്‍.

തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സാധ്യമായ എല്ലായിടങ്ങളിലും ബി.ജെ.പി.ക്കെതിരേ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കും. ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം എല്ലായിടങ്ങളിലും നടപ്പാക്കുക എന്ന് വ്യക്തം. അതുപോലെ ബിജെപിയെ തോല്‍പ്പിക്കാന്‍ എന്ത് നയവും സ്വീകരിക്കാന്‍ തയ്യാറാണ് എന്നുള്ളതിനുള്ള തെളിവാണ് കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പോലും വേണ്ടാ എന്ന് വെയ്ക്കാന്‍ കോണ്ഗ്രസിനെ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. ഫലത്തില്‍ 1996-ല്‍ ബി.ജെ.പി. ഏറ്റവുംവലിയ ഒറ്റകക്ഷിയായിമാറിയശേഷം കോണ്‍ഗ്രസിതര പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഐക്യമുന്നണി ഉണ്ടാക്കിയതിന് സമാനമായ അന്തരീക്ഷമാണ് ദേശീയതലത്തില്‍ ഉരുത്തിരിയുന്നത്. ബി.ജെ.പി. ഒരുവശത്തും ഫെഡറല്‍ മുന്നണി മറുവശത്തും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ആശ്ചര്യപ്പെടാനില്ല. യു.പി.യില്‍ എസ്.പി.-ബി.എസ്.പി.-കോണ്‍ഗ്രസ് സഖ്യം ഇന്നത്തെ നിലയില്‍ ബി.ജെ.പി.ക്ക് കനത്ത വെല്ലുവിളിയാകും. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തോടെ സംസ്ഥാനത്തെ ബി.ജെ.പി.യുടെ ലോക്സഭാ സീറ്റുകള്‍ ആറായി കുറയുമെന്നാണ് പ്രവചനം.

അതുപോലെ പൊതുതിരഞ്ഞെടുപ്പിനുമുന്‍പ് എസ്.പി., ബി.എസ്.പി., ആര്‍.ജെ.ഡി., തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., ശിവസേന, തെലുഗുദേശം, തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളും ഇടതുപക്ഷപാര്‍ട്ടികളുമെല്ലാം അതതിടങ്ങളില്‍ ബി.ജെ.പി.ക്കെതിരേ സാധ്യമായ സഖ്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. തങ്ങള്‍ക്ക് സ്വാധീനംകുറഞ്ഞ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും നീക്കുപോക്കുകള്‍ക്ക് തയ്യാറാകും.