ഗോഡ്സെ ഗാന്ധിയെ കുറച്ചു നേരത്തെ വധിച്ചിരുന്നു എങ്കില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമായിരുന്നു : സംഘപരിവാര്‍ നേതാവ്

നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കുറച്ചു മുന്‍പ് വധിച്ചിരുന്നു എങ്കില്‍ ഇന്ത്യ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമായി മാറുമായിരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാര്‍ നേതാവായ നിവേദ്യം രാമചന്ദ്രനാണ് ഗോഡ്‌സെ ചെയ്തത് മഹദ് കൃത്യമാണെന്നു തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഗോഡ്‌സേയുടെ ജന്‍മദിനമായ മെയ് 19 നാണ് ഗാന്ധി വധത്തെ ന്യായീകരിച്ചും ഗോഡ്‌സെയെ മഹത്വവത്കരിച്ചും പാലക്കാട്ടുകാരനായ രാമചന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന്‍ സംഘപരവാറിന്റെ നിരവധി സംഘങ്ങളില്‍ അംഗമായിരുന്നെന്നും പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. ഗാന്ധി വധത്തെ ‘കൊല’ എന്ന് വിളിക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതൊരിക്കലും പാതകമാകില്ലെന്നും രാമചന്ദ്രന്‍ പറയുന്നു.

ഗാന്ധി വധം കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ നടന്നിരുന്നതെങ്കില്‍ നേതാജി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. നെഹ്‌റു കുടുംബം അപ്രസക്തമായേനെ എന്നും രാമചന്ദ്രന്‍ കുറിച്ചു. ഗാന്ധിയെ മുന്‍പേ കൊലപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു ഇന്ത്യ ഹിന്ദു രാഷ്ട്രം ആകുമായിരുന്നു ഗോമാതാവ് ദേശീയ മൃഗമാകുമായിരുന്നു, ഗോവധ നിരോധനം നടപ്പായേനെയെന്നും ഗോഡ്‌സെയെ ആവോളം പുകഴ്ത്തി രാമചന്ദ്രന്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. ഭാരതത്തിന്റെ വീരപുത്രന്‍ വീര ബലിദാനി എന്നിങ്ങനെയെല്ലാം രാമചന്ദ്രന്‍ വിനായക് ഗോഡ്‌സെയെ തന്റെ പോസ്റ്റിലൂടെ വിശേഷപ്പിക്കുന്നുണ്ട്. ഗാന്ധിവധം വൈകിയതില്‍ മാത്രമേ തനിക്ക് പരിഭവം ഉള്‌ലൂവെന്നും ആ മഹദ് കൃത്യം ചെയ്ത ഗോഡ്‌സേയോട് ഭാരതം കടപ്പെട്ടിരിക്കുന്നുവെന്നും ഭാരതം നിലനില്‍ക്കുന്നത് തന്നെ ഗോഡ്‌സെയുടെ ത്യാഗത്തിലാണെന്നും രാമചന്ദ്രന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഇതിന് മുന്‍പും സംഘപരിവാര്‍ നേതാക്കള്‍ ഗോഡ്‌സെ വധത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ഗോഡ്‌സേയ്ക്കായി അമ്പലം പണിയണമെന്ന് നേരത്തേ സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

എനിക്ക് ”നാഥുറാം…
വിനായക് ഗോഡ്‌സേ” യോട് ആരാധനയാണുള്ളത്..

തികഞ്ഞ ആരാധന..

ഒപ്പം ഒരു ചെറിയ പരിഭവവും..

ആ കൊല…(കൊലയെന്നേ വിളിക്കൂ..അതൊരിക്കലും പാതകമല്ല..)

കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍…

നേതാജി…നമ്മോടൊപ്പം ഉണ്ടായിരുന്നേനെ…

നെഹ്‌റു ..കുടുംബം അപ്രസക്തമായേനെ..

ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു…

ഭാരതം..ഹിന്ദു രാഷ്ട്രമായിരുന്നേനെ…

ഗോമാതാവ്…ദേശീയ മൃഗമായേനെ..ഗോവധ നിരോധനം നടപ്പായേനെ..

വൈകിയാണെങ്കിലും ആ മഹദ് കൃത്യം ചെയ്ത അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഭാരതം..

ഭാരതം ഇങ്ങനെയെങ്കിലും നിലനില്ക്കുന്നത് താങ്കളുടെ ആ ത്യാഗത്താലാണ്…

ഭാരതത്തിന്റെ വീരപുത്രന്‍ വീര ബലിദാനി നാഥുറാം വിനായക് ഗോഡ്‌സേയുടെ ജന്മദിനമാണിന്ന്…

May 19.