തമിഴ്നാട്ടില്‍ നിന്നും മോഷണം പോയ പുരാതന വിഗ്രഹങ്ങള്‍ അമേരിക്കന്‍ മ്യൂസിയത്തില്‍ കണ്ടെത്തി
വാഷിംഗ്‌ടണ്‍ : അറുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ അമേരിക്കയിലെ മ്യൂസിയത്തില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലെ വീരചോളപുരം ശിവക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ ശിവപാര്‍വതിമാരുടെ വിഗ്രഹങ്ങളാണ് അമേരിക്കയിലെ ഫ്രീര്‍ ഗാലറി, ക്ലീവ്‌ലാന്‍ഡ് മ്യൂസിയം എന്നിവടങ്ങളില്‍നിന്ന് കണ്ടെത്തിയത്. ചോള കാലഘട്ടത്തിലെ വിഗ്രഹങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്ടിലെ വിഗ്രഹ മോഷണ കേസുകള്‍ അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഫ്രെഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയുടെ വിവരശേഖരത്തില്‍നിന്ന് ഈ വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. തുടര്‍ന്ന് വിഗ്രഹങ്ങളുടെ ചിത്രവും മറ്റു വിവരങ്ങളും വെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രീര്‍ ഗാലറി, ക്ലീവ്‌ലാന്‍ഡ് മ്യൂസിയം എന്നിവടങ്ങളില്‍ വിഗ്രഹം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചതായി അന്വേഷണസംഘം പറയുന്നു.
1960ലാണ് ക്ഷേത്രത്തില്‍നിന്ന് ഈ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലുണ്ടായിരുന്ന ഒമ്പത് വിഗ്രഹങ്ങളില്‍ ഏഴെണ്ണമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. വിദേശത്തേയ്ക്ക് കടത്തപ്പെട്ട വിഗ്രഹങ്ങള്‍ 2003ല്‍ നടരാജ വിഗ്രഹം മൂന്ന് ലക്ഷം ഡോളറിനും പാര്‍വതിയുടെ വിഗ്രഹം 2013ല്‍ 13 ലക്ഷം ഡോളറിനുമാണ് ലേലം ചെയ്യപ്പെട്ടത്. അതേസമയം ഇന്ത്യാ സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ വിഗ്രഹങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍നിന്ന് ഇവ മോഷ്ടിച്ചത് പ്രാദേശിക മോഷ്ടാക്കളായിരുന്നു. ഇവ കണ്ടെടുക്കുന്നതിനായി ചില അന്വേഷണങ്ങളും അക്കാലത്ത് നടന്നിരുന്നു.