നിപ്പ വൈറസ് വായുവിലൂടെയും പകരും എന്ന് കേന്ദ്രസംഘം

കോഴിക്കോട് പത്തുപേരുടെ മരണത്തിനു ഇടയാക്കിയ മാരക നിപ്പ വൈറസ് വായുവിലൂടെയും പകരുമെന്നു കേന്ദ്രസംഘം. വൈറസ് ബാധ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ച് സുഖപ്പെടുത്താമെന്നും കേന്ദ്രആരോഗ്യസംഘം അറിയിച്ചു. എന്നാല്‍ നേരത്തെ നിപ്പ വൈറസ് ശരീര സ്രവങ്ങളിലൂടെ മാത്രമേ പകരുകയുള്ളൂ എന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിപ്പ ബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നുമാണ് ആരോഗ്യവകുപ്പില്‍ നിന്നും, വിദഗ്ധരില്‍ നിന്നും നേരത്തെ ലഭിച്ച മുന്നറിയിപ്പ്. എന്നാല്‍ കേന്ദ്രസംഘത്തിന്റെ പുതിയ വിശദീകരണം ജനങ്ങളില്‍ ആശങ്കയും ഭീതിയും വര്‍ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് നല്‍കിയിട്ടുള്ളത്. രോഗലക്ഷണവുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് മാത്രം നിപ്പ വൈറസ് ബാധയുടെ സമാനലക്ഷണങ്ങളുമായി ഒമ്പത് പേരാണ് ചികിത്സയിലുള്ളത്. വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് അറുപതോളം പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അതേസമയം നിലവിലെ സ്ഥിതിയില്‍ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കോഴിക്കോട് എത്തുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.