വിട്ടൊഴിയാതെ ഭീതി ; 12 പേരുടേയും ജീവനെടുത്തത് നിപ്പ വൈറസ്? പനി വ്യാപിച്ചത് പേരാമ്പ്രയിലെ ആസ്പത്രിയില്‍ നിന്നെന്നും സംശയം
നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സ്ഥിരീകരണം. മൂന്ന് പേരും ചങ്ങരോത്ത് ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീക്ക് പനി ലക്ഷണങ്ങള്‍ കണ്ടെങ്കിലും നിപ്പ വൈറസ് ബാധയല്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം കോഴിക്കോട് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര ചങ്ങരോത്താണ് നിപ്പാ വൈറസ് ബാധമൂലം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹായിരുന്നു ആദ്യം മരണപ്പെട്ടത്. പിന്നാലെ ഇയാളുടെ സഹോദരനും ബന്ധുവായ സ്ത്രീയും മരണപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷം ചങ്ങരോത്തിന് പുറമേ നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിന് സമീപത്തെ പാലാഴി എന്നിവിടങ്ങളിലും സമാന രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേര്‍ ചികിത്സ തേടിയത്. നിലവില്‍ 12 പേരാണ് പനി മൂലം മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലുമായി നിലവില്‍ 25ലേറെ പേരാണ് നിരീക്ഷണത്തിലുള്ളത്.
അതിനിടെ പേരാമ്പ്രയിലെ ആസ്പത്രിയിലെ നഴ്‌സ് കൂടി പനി ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പനി വ്യാപിച്ചത് ആസ്പത്രിയില്‍ നിന്നാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. പേരാമ്പ്രയില്‍ പനി ബാധിച്ചവരെ ആദ്യം പ്രവേശിപ്പിച്ചത് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലായിരുന്നു. സമാന ലക്ഷണങ്ങളുമായി പിന്നീട് ആറ് പേരേയും ഇവിടെ അഡ്മിറ്റ് ചെയ്തു. മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് ബാധ കാരണമാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളും പനിയും ഉണ്ടായിരുന്ന അഞ്ച് പേര്‍ കൂടി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. എന്നാല്‍ ഇവരില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം നേരിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ എന്‍സിഡിസി ഡയറക്ടര്‍ക്ക് കോഴിക്കോട് സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ നിര്‍ദ്ദേശം നല്‍കി. സ്ഥിതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും.
നിപ്പയുടെ ലക്ഷണങ്ങള്‍ : പനി, തലവേദന, തലകറക്കം, ബോധക്ഷയം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം.
മുന്‍കരുതല്‍ : രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.