വിദേശവനിതയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ; പോലീസ് പിടികൂടിയത് യതാര്‍ത്ഥ പ്രതികളെ അല്ല എന്ന് യുവതിയുടെ ഭര്‍ത്താവ്

കോവളത്ത് വെച്ച് വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടികൂടിയത് യതാര്‍ത്ഥ പ്രതികളെ അല്ല എന്ന് യുവതിയുടെ ഭര്‍ത്താവ്. തിരുവനന്തപുരം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് വിദേശവനിതയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. അതിനിടെ പുതിയ വിവാദവുമായി കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസ് രംഗത്ത് വന്നു. കേസില്‍ തങ്ങള്‍ നിരപരാധികളാണ് എന്നാണ് പ്രതികള്‍ പറയുന്നത്. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും ബന്ധുക്കളും ഇത് തന്നെ പറയുന്നു. പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ് എന്നാണ് പ്രതികളുടേയും ബന്ധുക്കളുടേയും ആരോപണം. കസ്റ്റഡിയില്‍ എടുത്ത ശേഷം തങ്ങളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതികളില്‍ ഒരാളായ ഉമേഷ് മജിസ്ട്രേറ്റിന് നേരിട്ട് പരാതിയും നല്‍കിയിരുന്നു. ഇവര്‍ രണ്ട് പേരും തന്നെയാണോ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ എന്ന സംശയം നിലനില്‍ക്കേയാണ് വിദേശവനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസ് പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലാണ് ആന്‍ഡ്രൂസ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാര്യ കൊല്ലപ്പെട്ട കേസ് മൂടി വെയ്ക്കാനാണ് അധികാരികള്‍ ശ്രമം നടത്തുന്നത് എന്നാണ് ആന്‍ഡ്രൂസിന്റെ ആരോപണം. പിടിയിലായിരിക്കുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ തന്നെയാണോ എന്ന സംശയവും ആന്‍ഡ്രൂസ് പങ്കുവെയ്ക്കുന്നു. കേസില്‍ സുഗമമായ അന്വേഷണം നടത്തുന്നതിന് വേണ്ടി സിബിഐയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് താന്‍ കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് ആന്‍ഡ്രൂസ് പറയുന്നു. കേസില്‍ നീതി ലഭിക്കാനുണ്ടായ അവഗണനയും തടസ്സങ്ങളും ഒറ്റപ്പെട്ട സംഭവം അല്ല. അധികാരികളുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി ഇത്തരം കൊലപാതകങ്ങളെ ആത്മഹത്യയോ അപകട മരണമോ ആക്കി മാറ്റുന്ന പ്രവണത സാധാരമായി മാറിയിരിക്കുന്നുവെന്നും ആന്‍ഡ്രൂസ് പറയുന്നു. ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വമാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്.

ഇത്തരം കാര്യങ്ങളിലേക്ക് ജനശ്രദ്ധ എത്തിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യും. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെങ്കിലും ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസിന്റെ തുടക്കത്തില്‍ തന്നെ വിദേശവനിതയുടെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള പോലീസിന്റെ ശ്രമം വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പെട്ടന്ന് തന്നെ കേസില്‍ പ്രതികള്‍ പിടിയിലാവുകയും സമൂഹത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ തേയ്ച്ചു മാച്ചു കളയുകയുമായിരുന്നു പോലീസും സര്‍ക്കാരും ചെയ്തത്.