ഐ പി എല്‍ ; ചെന്നൈ ഫൈനലില്‍
ആവേശം നിറഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഫൈനലില്‍ എത്തി. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഫാഫ് ഡു പ്ലെസിയുടെ (42 പന്തില്‍ 67) ഒറ്റയാള്‍ പ്രകടനമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. പതിനൊന്ന് ഐപിഎല്‍ സീസണുകളില്‍ ചെന്നൈയുടെ ഏഴാം ഫൈനലാണിത്, വിലക്ക് കാരണം കഴിഞ്ഞ രണ്ട് വര്‍ഷം ചെന്നൈ കളിച്ചിരുന്നില്ല.
തോറ്റെങ്കിലും ഹൈദരാബാദിന് ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. നാളെ നടക്കുന്ന രാജസ്ഥാന്‍-കൊല്‍ക്കത്ത എലിമിനേറ്ററില്‍ വിജയക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ നേരിടും. ഇതില്‍ ജയിച്ചാല്‍ ഹൈദരാബാദിന് ഫൈനലിലെത്താം. ഹൈദരാബാദ് മുന്നോട്ടുവച്ച താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായാരുന്നു. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ചെന്നൈയെ ഡു പ്ലെസി ഒറ്റയ്ക്ക് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ചു സിക്‌സും നാല് ബൗണ്ടറിയും സഹിതമായിരുന്നു ഡു പ്ലെസിയുടെ മിന്നും പ്രകടനം. അവസാന നിമിഷം 5 പന്തില്‍ 15 റണ്‍സ് നേടിയ താക്കൂറും വിജയത്തില്‍ നിര്‍ണായകമായി.സ്‌കോര്‍: ഹൈദരാബാദ്- 20 ഓവറില്‍ 139/7, ചെന്നൈ- 19.1 ഓവറില്‍ 140/8.