അലിക്കിന്റെ നേതൃത്വത്തില്‍ റോമില്‍ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരല്‍ അവിസ്മരണീയമായി
ജെജി മാത്യു മാന്നാര്‍
റോം: മൂന്ന് ദശാബ്ദങ്ങളായി ഇറ്റലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക്ക് ഇറ്റാലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റിവല്‍ പ്രവാസി കുടുംബങ്ങളുടെ ആഘോഷമായി മാറി. മക്കള്‍ നാട്ടിലും മാതാപിതാക്കള്‍ ഇറ്റലിയുമായി ജീവിക്കുന്നവര്‍ക്ക് അവധികാലത്ത് ഒരുമിച്ചു കൂടാന്‍ ലഭിച്ച അസുലഭ അവസരമായിട്ടാണ് അംഗങ്ങള്‍ സമ്മേളനത്തെ വിലയിരുത്തിയത്.
നിരവധി മലയാളികള്‍ പങ്കെടുത്ത സമ്മേളനം പ്രസിഡന്റ് രാജു കല്ലിക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജു കൗന്നുംപറയില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഇറ്റലിയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, വിവിധകലാപരിപാടികളും ഏറെ ശ്രദ്ധേയമായി. ദേശിയ ഗാനത്തോടും സ്‌നേഹവിരുന്നോടുകൂടി സമാപിച്ച സമ്മര്‍ ഫെസ്റ്റിവലില്‍ മാത്യു കുന്നത്താനിയില്‍ നന്ദി രേഖപ്പെടുത്തി.
വീടും വീട്ടുകാരെയും നാടും നാട്ടുക്കാരെയും പിരിഞ്ഞ് പ്രവാസികളായി ജീവിക്കുന്ന സാധാരണകാര്‍ക്ക് ഒത്തുകൂടി ആഘോഷിക്കാനുള്ള അവസരമായിട്ടാണ് അലിക്ക് സംഗമം സംഘടിപ്പിച്ചത്. റോമിലെ മലയാളികളുടെ കൂട്ടായ്മയുടെയും, അലിക്ക് ഭാരവാഹികളുടെയും അംഗങ്ങളുടെ സഹകരണത്തിന്റെയും ഉത്തമഉദാഹരണം കൂടിയായി സമ്മര്‍ ഫെസ്റ്റിവല്‍.