ജസ്നയെ കാണാതായിട്ട് രണ്ടുമാസം ; സംശയങ്ങളും ദുരൂഹതകളും ബാക്കി
ദുരൂഹതകള്‍ ബാക്കിയാക്കി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് രണ്ട് മാസം തികയുന്നു. കേസന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോകുമ്പോഴും പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാം എന്ന കാര്യത്തില്‍ ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആരംഭിച്ചയിടത്ത് നിന്ന് ഒരുപടി പോലും മുന്നോട്ട് പോകാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം പോലീസിനെ തള്ളാതെയും കൊള്ളാതെയുമുള്ള സമീപനമാണ് ജസ്നയുടെ വീട്ടുകാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും കൊല്ലമുള കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകളുമായ ജസ്നയെ കാണാതാവുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ജസ്നയെന്ന് അയല്‍വാസി പറയുന്നു. അവിടേയ്ക്കുള്ള വഴിയില്‍ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവിയില്‍ നിന്ന് സ്വകാര്യബസിലിരിക്കുന്ന ജസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നെ കുട്ടി എവിടേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ല.
കുട്ടിയെ കാണാതായ ദിവസം വൈകുന്നേരം തന്നെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അത് ഗൗരവമായി കണ്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എട്ടാം ദിവസം മാത്രമാണ് അന്വേഷണത്തിനായി പോലീസ് എത്തിയത്. ജസ്നയുടെ കോളേജില്‍ അന്വേഷണത്തിന് എത്തിയത് പത്ത് ദിവസങ്ങള്‍ക്ക് ശേഷവും. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാരെയും നാട്ടുകാരെയും ജസ്‌നയുടെ സഹപാഠികളെയുമെല്ലാം നിരവധി തവണ പോലിസ് ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചാണ് ജസ്ന പോയത്. അതുകൊണ്ട് തന്നെ ആ വഴിക്കുള്ള അന്വേഷണമെന്ന സാധ്യതയും ഇല്ലാതായിരുന്നു. ഇതിനിടെയാണ് മെയ് ആദ്യം ബെംഗളൂരുവില്‍ ആണ്‍സുഹൃത്തിനൊപ്പം ജസ്‌നയെ കണ്ടെന്ന തരത്തില്‍ പ്രചാരണം ശക്തമായത്. മഡിവാളയില്‍ വച്ച് ഇരുവരെയും കണ്ടെന്ന പാലാ സ്വദേശിയുടെ മൊഴിയെത്തുടര്‍ന്ന് ആ വഴിക്കും അന്വേണം പോയി. ബെഗളൂരുവില്‍ നിന്ന് ഇരുവരും മൈസൂരിലേക്ക് കടന്നെന്നും കഥകള്‍ പരന്നു. താന്‍ കണ്ടത് ജെസ്‌നയെത്തന്നെയാണെന്ന് പാലാ സ്വദേശി ഉറപ്പിച്ചുപറഞ്ഞെങ്കിലും അത് ജെസ്‌നയല്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അറിയിച്ചതോടെ ആ പ്രതീക്ഷയും പൊലിയുകയായിരുന്നു. പലവഴി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, തുമ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും അവര്‍ സമ്മതിക്കുന്നു.