ദമ്മാം/കൊല്ലം: വൃക്ക രോഗം മൂലം ജീവിതം വഴിമുട്ടിലായ മുന്‍ പ്രവാസിയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി ചികിത്സധനസഹായം കൈമാറി

ഖത്തറില്‍ പ്രവാസിയായിരുന്ന കുന്നിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫ് ആറുമാസം മുന്‍പാണ് ഗുരുതരമായ വൃക്കരോഗത്താല്‍ ചികിത്സയിലായത്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയതോടെ ഭാര്യയും മകളും മകനും ഉള്‍പ്പെടുന്ന കുടുംബം പ്രതിസന്ധിയിലായി. 24 ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വേണ്ടി വരും.

സി.പി.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന ഷെരീഫിന്റെ ജീവിതം രക്ഷിയ്ക്കാനായി പാര്‍ട്ടിയുടെ മുന്‍കൈയ്യില്‍ നാട്ടുകാര്‍ ചികിത്സസഹായസമിതി രൂപീകരിച്ചു ശ്രമങ്ങള്‍ ആരംഭിച്ചു. അവര്‍ നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറി ആയ ഹുസ്സൈന്‍ കുന്നിക്കോട് വഴി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന്, നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സസഹായഫണ്ട് സ്വരൂപിയ്ക്കുകയായിരുന്നു.

മുഹമ്മദ് ഷെരീഫിന്റെ വീട്ടിലെത്തി വനംവകുപ്പ് മന്ത്രി കെ,രാജു നവയുഗത്തിന്റെ ധനസഹായം കൈമാറി. സി.പി.ഐ നേതാക്കളായ അഡ്വ: പ്രകാശ് ബാബു, എച്ച്. രാജീവന്‍, അഡ്വ: വേണുഗോപാല്‍, ജോസ് ഡാനിയല്‍, മേലില പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്, നവയുഗം നേതാക്കളായ കെ.ആര്‍.അജിത്ത്, രാജീവ് ചവറ, ടി.എ.തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ: മുഹമ്മദ് ഷെരീഫിന്റെ വീട്ടിലെത്തി വനംവകുപ്പ് മന്ത്രി കെ, രാജു നവയുഗത്തിന്റെ ധനസഹായം കൈമാറുന്നു.