അവസാനം ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഇടപെടുന്നു
ഇന്ധന വിലയിലെ കുതിച്ചുകയറ്റം തടയുവാന്‍ കേന്ദ്രം ഇടപെടുന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോഡിലെത്തിയതോടെയാണ് വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ഒമ്പത് ദിവസങ്ങള്‍ക്കിടെ ലിറ്ററിന് 2 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ധനവില വര്‍ധിക്കാനുള്ള കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ എണ്ണ കമ്പനികളുടെ യോഗം വിളിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒന്‍പതു ദിവസം കൊണ്ട് 2.30 പൈസയുടെ വര്‍ധനവാണ് എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
കര്‍ണാടക തിരഞ്ഞെടുപ്പ് സമയത്ത് വ്യതിയാനം ഉണ്ടാവാതിരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തുടര്‍ച്ചയായി 9 ദിവസങ്ങളിലും വില വര്‍ധിച്ചു. കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 81 രൂപാ കടന്നിട്ടുണ്ട്. ഡീസല്‍ വിലയിലും സമാനരീതിയില്‍ തന്നെ വര്‍ധനയുണ്ടായി. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം ശകത്മായതോടെയാണ് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. എക്‌സൈസ് നികുതി കുറയ്ക്കാന്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.