തൂത്തുക്കുടി പോലീസ് വെടിവെപ്പ് ; മരിച്ചവരുടെ എണ്ണം പത്തായി

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരം നടത്തിയവര്‍ക്ക് നേരെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144 ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷംരൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷംവീതം ധനസഹായം നല്‍കും. തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. 1996ലാണ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. പ്ലാന്റ് ജലവും വായുവും മണ്ണും ഒരുപോലെ വിഷമയമാക്കുന്നുവെന്നാരോപിച്ചാണ് പ്രക്ഷോഭം തുടങ്ങിയത്. കമ്പനിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയടച്ച് പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. രണ്ടാം ഘട്ടവികസനത്തിന് സര്‍ക്കാര്‍ അനുമതി കൂടി വന്നതോടെയാണ് പ്രക്ഷോഭം ശക്തമായത്.ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.