ഇറ്റലിയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ചരിത്രം പറയുന്ന പുസ്തകം സിബി കുമാരമംഗലം പ്രകാശനം ചെയ്തു

ജെജി മാത്യു മാന്നാര്‍

റോം: ഇറ്റലിയില്‍ പതിനെട്ടുവര്‍ഷകാലം അധികാരത്തില്‍ പങ്കാളികളയായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ 30 വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങു റോമില്‍ നടന്നു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് പി.ഡി പാര്‍ട്ടിയുടെ റോമിലെ പ്രസിഡന്റ് മലയാളിയായ സിബി മാണി കുമാരമംഗലമായിരുന്നു.

‘Eravamo tanto amati’ (‘നമ്മള്‍ വളരെ പ്രിയങ്കരരായിരുന്നു’) എന്ന പുസ്തകമാണ് സിബി കുമാര മംഗലം പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചത്. പുസ്തകം തയ്യാറാക്കിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ദോമേനികോ ഗാറിനോ, അന്ത്രയ മറോത്ത, അന്ത്രയ ലത്താനാസി എന്നിവര്‍ ചടങ്ങില്‍ വീശിഷ്ട അതിഥികളായിരുന്നു. പാര്‍ട്ടിയുടെ ചിര്‍കോളോ നോബോര്‍ഡേയേസ് റോമിന്റെ സെക്രട്ടറി വക്കച്ചന്‍ ജോര്‍ജ് കല്ലറയ്ക്കലും സന്നിഹിതനായിരുന്നു.

1989 മുതല്‍ ഇതുവരെ പാര്‍ട്ടി പിന്നിട്ട വഴികള്‍ വിവരിക്കുന്ന വസ്തുക്കള്‍ പുസ്തക രൂപത്തിലും ഡോക്യുമെന്ററി ആയിട്ടുമാണ് പുറത്തുവിട്ടത്. ഒരു പരിധി വരെ ഇടതുപക്ഷ ആശയം പുലര്‍ത്തിയിരുന്ന പി.ഡി പാര്‍ട്ടി വിദേശികള്‍ക്ക് അനൂകൂലമായ നിലപാട് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇറ്റലിയില്‍ ഭരണപക്ഷത്തുണ്ടായിരുന്ന പി.ഡി പാര്‍ട്ടി രാജ്യത്തു ഈ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ ഒറ്റക്കക്ഷിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്.