സര്‍ക്കാര്‍ ഏറ്റെടുത്ത ശിശുഭവനിലെ അന്യസംസ്ഥാനത്തുള്ള കുട്ടികളെ പെരുവഴിയില്‍ ഇറക്കിവിടാന്‍ നീക്കം

സര്‍ക്കാര്‍ ഏറ്റെടുത്ത ജനസേവ ശിശുഭവനിലെ അന്യസംസ്ഥാനത്തുള്ള കുട്ടികളെ പെരുവഴിയില്‍ ഇറക്കിവിടാന്‍ നീക്കം പ്രതിഷേധാര്‍ഹമാണ് എന്ന് ഓൾ കേരള ഫെഡറേഷൻ ഫോർ ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻസ് (എ കെ എഫ് സി ഐ). അന്യസംസ്‌ഥാനക്കാർ എന്ന ഒറ്റക്കാരണത്താൽ കുട്ടികളെ തെരുവിലേക്ക് ഇറക്കി വിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും ഫെഡറേഷൻറെ അടിയന്തിര യോഗം കുറ്റപ്പെടുത്തി. ശിശുഭവൻ സർക്കാർ ഏറ്റെടുത്ത രീതി പ്രതിഷേധാർഹമാണെന്നും അന്തേവാസികളായ കുട്ടികളുടെ ജീവിതസൗകര്യവും വിദ്യാഭ്യാസ സാഹചര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശിശുഭവനിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നിയമപരമായി നടപടി എടുക്കുകയും ഉത്തരവ് അടികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരികയുമാണ് വേണ്ടത്.

നിയപരമായി പല കാര്യങ്ങളും ചെയ്യാമെന്നിരിക്കെ ഒറ്റയടിക്ക് സ്‌ഥാപനം ഏറ്റെടുത്ത നടപടി അംഗീകരിക്കാൻ ആവില്ല. ശിശുഭവൻറെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ റിസീവർ ഭരണം ഏർപ്പെടുത്തുകയും മേൽനോട്ടത്തിനായി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രമുഖരും അടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള പള്ളുരുത്തിയിലെ സ്നേഹഭവൻറെ പരിതാപകരമായ അവസ്‌ഥയാണ്‌ ശിശുഭവനിലെ അന്തേവാസികളെ കാത്തിരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇരുപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഒരു സ്‌ഥാപനം ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയിട്ടും ഇത് വരെ അറിയാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം അപ്പാടെ ഏറ്റെടുക്കുകയും ചെയ്ത നടപടി ശരിയായില്ലെന്നും യോഗം കുറ്റപ്പെടുത്തി. ജീവകാരുണ്യ രംഗത്ത് തട്ടിപ്പുകൾ തടയാൻ സർക്കാർ ഏകീകൃത നയം കൊണ്ടുവരണമെന്നും ഈ മേഖലയിൽ നിയമം ശക്തമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.