വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് സാക്ഷിയായി കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ

കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് കൂടി വിധാന്‍സൗധ സാക്ഷ്യം വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം 12 ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബി.ജെ.പിക്കെതിരേ പോരാടാന്‍ പ്രതിപക്ഷ ഐക്യം കൂടിയേ തീരു എന്ന തിരിച്ചറിവ് കൂടി കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നിലേക്ക് വെച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ ശക്തിപ്രകടനമായി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റാനും പാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനിച്ചത്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ അണിനിരക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം എന്ന നിലയില്‍ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്.

ബിജെപി നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പ്രതിഷേധ സൂചകമായി കരിദിനമാചരിക്കുകയായിരുന്നു ബിജെപി. കര്‍ണാടകത്തില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു അപ്രതീക്ഷിതമായി കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ഉരുത്തിരഞ്ഞ് വന്നത്. സഖ്യം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരെ ഉത്തര്‍പ്രദേശില്‍ ശത്രുക്കളായി കഴിഞ്ഞിരുന്ന അഖിലേഷ് യാദവും, മായാവതിയും സഖ്യത്തിന് ശേഷം ഒരുമിച്ച് വേദി പങ്കിടുന്ന ആദ്യ ചടങ്ങായും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറി. എല്ലാവരും ഒത്തുചേര്‍ന്ന് കൈപിടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്താണ് ചടങ്ങില്‍ നിന്നും പിരിഞ്ഞത്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്യുന്നതില്‍ നിന്നും വിട്ടുനിന്നു.