നിപ്പ വൈറസ് ; ഗള്‍ഫ് രാജ്യങ്ങളിലും ജാഗ്രതാ നിര്‍ദേശം
കേരളത്തിലെ നിപ്പ വൈറസ് ബാധയെത്തുടര്‍ന്നുള്ള മരണങ്ങള്‍ ഗൗരവത്തിലെടുത്തു ഗള്‍ഫ് രാജ്യങ്ങളും. ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് ബഹ്‌റൈന്‍ അവരുടെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബഹ്‌റൈനിന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് ബുധനാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നിപ്പ വൈറസ് ബാധക്ക് എതിരെ ഇന്ത്യ-കേരള സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കണമെന്നും യു.എ. ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. യു.എ.ഇ യുടെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റാണ് നിപ്പ വൈറസിനെ കുറിച്ച് അവരുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള പൗരന്മാര്‍ക്കായി കോണ്‍സുലേറ്റന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു മുന്നറിയിപ്പ്.