പെട്രോളിന് 25 രൂപവരെ കുറച്ചു വില്‍ക്കാം എന്ന് ചിദംബരം ; എക്‌സൈസ് തീരുവ 4 രൂപവരെ കുറയ്ക്കാന്‍ സാധ്യത
പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാരിന് 25 രൂപ വരെ കുറവു വരുത്താമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ കേന്ദ്രത്തിന് 15 രൂപ ആ വഴിക്ക് ലഭിക്കുന്നുണ്ട്. അതിന് പുറമേ അധിക നികുതിയായി 10 രൂപയും ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ 25 രൂപ കേന്ദ്രത്തിന് ലഭിക്കുന്നുണ്ട്. ഈ തുക വേണ്ടെന്നു വച്ചാല്‍ പെട്രോള്‍ വില കുറയുമെന്നാണ് ചിദംബരം പറഞ്ഞത്. ലിറ്ററിന് ഒരു രൂപയോ രണ്ടു രൂപയോ കുറച്ച് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ എക്‌സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില എക്കാലത്തെയും ഉയരത്തിലെത്തിയ സാഹചര്യത്തിലാണ് തീരുവ കുറയ്ക്കുന്നകാര്യം പരിഗണിക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിനാകട്ടെ 28 പൈസയും. ഇതുപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ് വില. ഡീസലിനാകട്ടെ 74.16രൂപയും.