തൂത്തുക്കുടി വെടിവെപ്പ് ആസൂത്രിതം ; സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുന്ന വീഡിയോ പുറത്ത്

തൂത്തുക്കുടിയില്‍ പോലീസ് നടത്തിയത് മനപ്പൂര്‍വമായ നരഹത്യ എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍ പോലീസ് ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ പോലെ ആളുകളെ ഉന്നം വെച്ച് വെടിവെക്കുന്നതും ന്യൂസ് 18നും എഎന്‍ഐയും പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. ആദ്യം ആകാശത്തേക്ക് വെടിവെക്കാത്തതും സംശയങ്ങള്‍ ശക്തമാക്കുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിനുനേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ പതിനൊന്നുപേരാണ് കൊല്ലപ്പെട്ടത്. രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ്സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു പോലീസ് കൊലപാതകപരമ്പര നടത്തിയത്. രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയവര്‍ കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീവെച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. സ്ഥലത്ത് രാത്രിയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു. സുരക്ഷയ്ക്കായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം എന്ത് ഉണ്ടായാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.