തന്‍റെ വീഡിയോ ഗൂഗിള്‍ അടിച്ചുമാറ്റി എന്ന് ഛായാഗ്രാഹകന്‍ ഫിലിപ്പ് ബ്ലൂം

സംവിധായകനും ഛായാഗ്രാഹകനുമായ ഫിലിപ് ബ്ലൂമാണ് ഗൂഗിള്‍ തയ്യാറാക്കിയ ഒരു കോര്‍പ്പറേറ്റ് വീഡിയോയില്‍ അനുവാദം കൂടാതെ താനെടുത്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. അടുത്തിടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി പ്രചരിച്ച വീഡിയോയിലാണ് ബ്ലൂമിന് ഉടമസ്ഥാവകാശമുള്ള ദൃശ്യങ്ങളും ഉള്ളത്. വാര്‍ത്താ വെബ്‌സൈറ്റ് ആയ ദി വെര്‍ജ് ആണ് കഴിഞ്ഞയാഴ്ച ‘ദി സെല്‍ഫിഷ് ലെഡ്ജര്‍’ എന്ന പേരിലുള്ള കോര്‍പ്പറേറ്റ് വീഡിയോയുടെ ചെറുഭാഗം പുറത്തുവിട്ടത്. വിവരശേഖരണം ഒരു സമൂഹത്തെ എങ്ങിനെയാണ് പുനര്‍നിര്‍മ്മിക്കുന്നതെന്ന കാണിക്കുന്ന അതായത് വിവരശേഖരണത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുന്ന വീഡിയോ ആണിത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ബ്ലൂമിന്റെ ശ്രദ്ധയില്‍പെടുന്നത്. വീഡിയോ ആഭ്യന്തര ആവശ്യത്തിനായി മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതാണെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

2016 ല്‍ ഗൂഗിള്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ് ഡിവിഷനായ എക്‌സിന്റെ ഡിസൈന്‍ തലവന്‍ നിക്ക് ഫോസ്റ്റര്‍ ആണ് ഇത് നിര്‍മ്മിച്ചതെന്നും ഗൂഗിള്‍ പറയുന്നു. കര്‍ശനമായ പകര്‍പ്പാവകാശ നിയമങ്ങളെ കുറിച്ച് അദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫിലിപ്പ് ബ്ലൂമിന് പ്രതിഫലം നല്‍കാന്‍ തയ്യാറാണോ എന്ന് ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് മുന്‍നിര സ്‌റ്റോക്ക് ഫൂട്ടേജ് കമ്പനികള്‍ വഴിയാണ് ഞാനെടുത്ത വീഡിയോകള്‍ ലഭ്യമാവുക. പരസ്യങ്ങളും സിനിമകളും ഉള്‍പ്പടെ എല്ലാതരം പ്രൊജക്റ്റുകള്‍ക്കും ഉപയോഗങ്ങള്‍ക്കും വേണ്ടിയുള്ള ലൈസന്‍സ് ഞാന്‍ അവയ്ക്ക് നല്‍കിയിട്ടുണ്ട്. ആഭ്യന്തര ഉപയോഗങ്ങള്‍ക്കായും ഒരു നിശ്ചിത അളവിലുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഗൂഗിള്‍ അതിന് എനിക്ക് പണം നല്‍കാത്തത് ആശ്ചര്യകരമാണ്.’ ഫിലിപ്പ് ബ്ലൂം പറഞ്ഞു. ബ്ലൂം നിയമനടപടിയുമായി കോടതിയെ സമീപിച്ചാല്‍ ഗൂഗിള്‍ തീര്‍ച്ചയായും ഈ പകര്‍പ്പാവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.