നിപ പനി ഒരു മരണം കൂടി ; കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു .കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മൂസ്സയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ആദ്യ ഘട്ടത്തില്‍ രോഗം പിടിപ്പെട്ടവരില്‍ ഒരാളാണ് മൂസ്സ. കഴിഞ്ഞ ദിവസം നാലുപേര്‍ പേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണ് എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് മൂസ്സ. നിപ്പ ലക്ഷണം സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന ഒന്‍പതുപേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിനിടെയാണ് മൂസ്സയുടെ മരണ വാര്‍ത്തയെത്തുന്നത്.

അതേസമയം നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനം. യോഗങ്ങള്‍, ഉദ്ഘടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യു.വി ജോസ് ആണ് നിര്‍ദ്ദേശം നല്‍കിയത്. മെയ-31 വരെ ട്യൂഷനുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. വൈറസ് ബാധയുണ്ടായി ദിവസങ്ങളായിട്ടും ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്നതിനെക്കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് അടിയന്തര നടപടി. കോഴിക്കോട് ജില്ലയിലേക്ക് നിര്‍ബന്ധിത സന്ദര്‍ശന വിലക്കൊന്നുമില്ലെങ്കിലും ആവശ്യമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്ടാക്ട് ഇന്‍ഫെക്ഷന്‍ വിഭാഗത്തില്‍ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് ഉന്നത അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരിക്കുന്നത്.