രോഗികള്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ ലിനിയുടെ കുടുംബത്തിനെ ഒറ്റപ്പെടുത്തി നാട്ടുകാര്‍ ; സിമ്പതിയും സ്നേഹവും സോഷ്യല്‍ മീഡിയയില്‍ മാത്രം

നിപ ബാധിതനായ രോഗിയെ ശുശ്രൂഷിച്ചു മരണത്തിനു കീഴടങ്ങിയ നഴ്സ് ലിനിയുടെ കുടുംബം ഒറ്റപ്പെട്ട അവസ്ഥയില്‍. നിപ്പ വൈറസ് പനി ബാധിച്ച രോഗികളെ ശുശ്രൂഷിച്ചതിന്റെ ഭാഗമായി പനി പകര്‍ന്ന് മരണപ്പെട്ടതാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനി. ലിനിയുടെ വീട്ടില്‍ ഭര്‍ത്താവും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണുള്ളത്. ലിനിയുടെ സേവനത്തെ സോഷ്യല്‍ മീഡിയയിലൂടെ മഹത്വവല്‍ക്കരിക്കുകയും മാലാഖയാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വീട്ടിലേക്ക് പോകുവാന്‍ പൊതുപ്രവര്‍ത്തകര്‍ പോലും മടിച്ചു നില്‍ക്കുകയാണ് ഇപ്പോള്‍. അതുപോലെ സൂപ്പിക്കടയിലെ മറിയത്തിന്റെ ഭര്‍ത്താവ് മൂസക്കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. നിപ്പ നേരത്തെ തന്നെ രണ്ട് മക്കളായ മുഹമ്മദ് സ്വാലിഹിന്റെയും സാബിത്തിന്റെയും ജീവനെടുത്തിരുന്നു. മൂസയെങ്കിലും രോഗം ഭേദമായി തിരികെ വരുമെന്ന് മറിയവും അവശേഷിക്കുന്ന മകനായ മുത്തലീബും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇവിടേക്കും ഭയം മൂലം ആരും അടുക്കുന്നില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താനാണ് സാബിത്തിനെ ചികിത്സിച്ചത് എന്നും തനിക്ക് രോഗം പകര്‍ന്നിട്ടില്ലല്ലോ എന്നും മറിയം ചോദിക്കുന്നു. മറിയവും മുത്തലീബും മരിച്ച് കഴിഞ്ഞെന്ന് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

മറിയത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. നിപ്പ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളിലെ എല്ലാവര്‍ക്കും പനി പകര്‍ന്നിട്ടുണ്ട് എന്ന പേരില്‍ അവിടങ്ങിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലെ ഭൂരിഭാഗം പേരും നിപ്പയെ പേടിച്ച് വീടൊഴിഞ്ഞ് പോയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. സൂപ്പിക്കടയില്‍ പരമാവധി 25ഓളം കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. പലരും തിരിച്ചെത്തിക്കൊണ്ടുമിരിക്കുന്നു. മറിയത്തിന്റെ അയല്‍ക്കാരടക്കമുള്ളവര്‍ രക്തപരിശോധനാ ഫലം വന്നതില്‍ പിന്നെ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ തിരികെ വന്നിട്ടുണ്ട്. അതുപോലെ നിപ്പ ജീവനെടുത്ത കൂരാച്ചുണ്ട് സ്വദേശി രാജന്റെ വീട്ടുകാരുടെ അവസ്ഥയും ദയനീയമാണ്. ഈ വീട്ടുകാരും തികഞ്ഞ അവഗണന നേരിടുന്നു. രാജന്റെ മൃതദേഹം സസ്‌ക്കാരിക്കാന്‍ പോലും വീട്ടുകാര്‍ നന്നായി ബുദ്ധിമുട്ടി. മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിച്ചിരുന്നില്ല. ചൂള തൊഴിലാളികളും മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറായിരുന്നില്ല. മരണം നടന്ന വീടുകളില്‍ വൈറസ് പടരാന്‍ സാധ്യത കൂടുതലാണ് എന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ജാഗ്രത പാലിക്കണം എന്ന് മാത്രമാണ് ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഭീതി അത് കൊണ്ടൊന്നും ഇല്ലാതാകുന്നില്ല.