കഫീല്‍ ഖാന്‍റെ കേരള സന്ദര്‍ശനത്തിന് വിലങ്ങിട്ട് യോഗി സര്‍ക്കാര്‍ ; കഫീലിനോടുള്ള പ്രതികാരം അടങ്ങാതെ യോഗി
കേരളത്തില്‍ നിപ്പ വൈറസ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ ചികിത്സിക്കാന്‍ തന്റെ സേവനം വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന് തല്‍ക്കാലം കേരളത്തില്‍ എത്തുവാന്‍ സാധിക്കില്ല . യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍ കാരണമാണ് ഇത്.യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അരാജകത്വം പലവേദികളിലും തുറന്നു കാട്ടിയിട്ടുള്ള കഫീല്‍ ഖാനെ ശത്രുപക്ഷത്താണ് യോഗി നിര്‍ത്തിയിരിക്കുന്നത്.ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ലെക്ചററും പീഡിയാട്രീഷ്യനുമായ കഫീല്‍ ഖാന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മെഡിക്കല്‍ നെഗ്ളിജന്‍സിന് നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഡോക്ടര്‍ക്ക് ഒരിടത്തും മെഡിക്കല്‍ സേവനം നടത്താനാകില്ലെന്ന നിലപാടാണ് ഇപ്പോള്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തിലെ നിപ്പ വൈറസ് ബാധിതര്‍ക്ക് സേവനം നല്‍കാനുള്ള സന്നദ്ധത കഫീല്‍ ഖാന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്യുകയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
‘കേരളത്തില്‍ മേഡിക്കല്‍ സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ ഇതുവരെ അനുവാദം ചോദിച്ചിട്ടില്ല. കേരളത്തില്‍ പോകാനും അവിടെ മെഡിക്കല്‍ സേവനം നല്‍കാനും ഡോ. കഫീല്‍ ഖാന് ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അനുവാദം ആവശ്യമാണ്’ – ബിആര്‍ഡി മെഡിക്കല്‍ കോളജ് ആക്ടിങ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറഞ്ഞു.’ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ പരോളിലാണ് ഇറങ്ങിയിരിക്കുന്നത്. നിയമപ്രകാരം, അദ്ദേഹത്തിന് മെഡിക്കല്‍ സേവനം നല്‍കാനോ സ്വകാര്യ പ്രാക്ടീസ് നടത്താനോ സാധിക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ഡിജിഎംഇയുടെ അനുവാദം ആവശ്യമാണ്’ – ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. കഫീല്‍ ഖാന്‍ മെഡിക്കല്‍ സേവനം നല്‍കാന്‍ സാധിക്കില്ലെന്ന് യുപി സംസ്ഥാന മെഡിക്കല്‍ ഹെല്‍ത്ത് സര്‍വീസസ് അസോസിയേഷന്‍ സെക്രട്ടറി ഡോ. അമിത് കുമാറും പറഞ്ഞു.