മാലിന്യ പുഴയായി മാറി പെരിയാര്‍ ; ഓക്സിജന്റെ അളവില്‍ വന്‍ കുറവ്

മാലിന്യ പുഴയായി മാറി പെരിയാര്‍. പുഴ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നു. വെള്ളത്തിൽ ചെളിയുടെ അംശം വർദ്ധിച്ചതായും റിപ്പോർട്ട്.പുഴ വെള്ളത്തിൽ ഓക്സിജന്റെ അളവ് ഒരു മില്ലിഗ്രാം/ ലിറ്ററാണ്. പുഴ വെള്ളത്തിൽ ഒക്സിജന്റെ അളവ് വർധിച്ചില്ലെങ്കിൽ മൽസ്യസമ്പത്ത് നശിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകുന്നതാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തൽ. പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്ന കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടിലെ ഉദ്യോഗസ്ഥരാണ് പെരിയാറിലെ ചെളിയുടെ അളവ് കൂടിയതായി കണ്ടെത്തിയിട്ടുള്ളത്.

മഞ്ഞുമ്മൽ ആറാട്ട് കടവ് പാലത്തിനടുത്ത് പെരിയാറിൽ 2012 നവമ്പർ അഞ്ചിന് വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. അന്ന് പെരിയാറിലെ വെള്ളത്തിൽ ഓക്സിജന്റെ അളവ് 2.7 മില്ലിഗ്രാം/ ലിറ്ററായിരുന്നു വെള്ളത്തിൽ മീനുകള്‍ക്ക് സുരക്ഷിതമായി ജീവിക്കണമെങ്കിൽ ഓക്സിജന്റെ അളവ് നാല് മില്ലിഗ്രാം/ ലിറ്ററെങ്കിലും ആവശ്യമാണ്. പുഴ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ വെള്ളത്തിനടിയിൽ കിടക്കുന്ന മത്സ്യങ്ങൾക്ക് ശ്വാസം കിട്ടാതെ വരും. ഈ സാഹചര്യത്തിലാണ് മത്സ്യങ്ങൾ പിടഞ്ഞു പൊങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഞ്ഞുമ്മൽ ആറാട്ടുകടവു് പാലം, പുത്തലംകടവ് പാലം, കളമശേരി പാലം എന്നിവിടങ്ങളിൽ പെരിയാറിലെ വെള്ളം മാലിന്യത്തോടെ തവിട്ടു നിറത്തിലാണ് ഒഴുകിയിരുന്നത്. ബുധനാഴ്ച രാവിലെ മുതൽ കടുത്ത തവിട്ടു നിറത്തിൽ മാലിന്യത്തോടെ, വെള്ളത്തിന് മുകളിൽ എണ്ണപ്പാടയുമായാണ് ഒഴുകിയത്.

മഞ്ഞുമ്മൽ ആറാട്ടുകടവ് പാലത്തിന്റെ വടക്കുവശത്താണ് ഏറ്റവും അധികം മാലിന്യം അടിഞ്ഞുകൂടിക്കിടന്നിരുന്നത്. കുളവാഴ, പുല്ല്, പായൽ എന്നിവ കൊണ്ട് പുഴയുടെ പകുതിയിലേറെ ഭാഗം മൂടിക്കിടക്കുകയാണ്. ബാക്കിയുള്ളിടത്ത് മറ്റു മാലിന്യങ്ങളുമുണ്ട്. ഇത് കൂടാതെയാണ് വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നത്.കളമശേരി നഗരസഭയിലെ എൻഎഡിക്ക് സമീപമുള്ള പാടങ്ങളിലെ മാലിന്യം തൂമ്പുങ്കൽ തോട്ടിലൂടെ പെരിയാറിലേക്ക് ഒഴുകിയെത്തുന്നു. പാടത്തെ കളകളും പുല്ലുമൊക്കെ ചീഞ്ഞ് ഒഴുകുന്നതുകൊണ്ടാണ് പുഴയിൽ എണ്ണപ്പാടപോലെ ഉണ്ടായിരിക്കുന്നതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കളമശേരി നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നുള്ള മലിനജലവും തൂമ്പുങ്കൽ തോടു് വഴി പെരിയാറിലേക്കെത്തിയിരുന്നു. കളമശേരി നഗരസഭ മാർക്കറ്റിൽ നിന്നുള്ള മത്സ്യമാംസാവശിഷ്ടങ്ങളും കാനയിലൂടെ ഒഴുകി പെരിയാറിലേക്കെത്തുന്നുണ്ട്. നിരവധി വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നുമുള്ള മാലിന്യവുംപെരിയാറിലേക്കെത്തുന്നു. എൻ.എ.ഡി.റോഡ് പരിസരത്ത് പാടത്ത് കൊണ്ടുവന്ന് തള്ളുന്ന കക്കൂസ് മാലിന്യവും പെരിയാറിലേക്ക് ഒഴുകിയെത്തുന്നതായി മലനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.