കുമാരസ്വാമി വിശ്വാസ വോട്ട് നേടി ; ബിജെപി പങ്കെടുത്തില്ല

കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 117 വോട്ടുകളാണ് കുമാരസ്വാമി സര്‍ക്കാരിന് ലഭിച്ചത്. അതേസമയം ബിജെപി വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയും പിന്നീട് ബി.എസ് യെദ്യൂരപ്പയും സംസാരിച്ചു. പ്രോട്ടം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തതോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേഷ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ബിജെപി പത്രിക പിന്‍വലിച്ചത് എന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

തന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.ബിജെപിയുമായി സഖ്യം ഉണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും തന്റെ തീരുമാനം പിതാവിനെ വേദനിപ്പിച്ചുവെന്നും വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് കുമാര സ്വാമി തുറന്നുപറഞ്ഞു. അതേസമയം കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും മുമ്പ് കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ തന്റെ തന്റെ പ്രസംഗം ആരംഭിച്ചത്. ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുവെന്ന് യദ്യൂരപ്പ കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.