കുമ്മനത്തെ പരിഹസിക്കുന്നവര്‍ അറിയുക ; യോഗ്യത ഉള്ളത് കൊണ്ട് മാത്രമാണ് ആ സ്ഥാനം ലഭിച്ചിരിക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയ വ്യക്തിയാകും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനടിച്ചു, കുംഹാഹാ എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞു കുമ്മനത്തിനെ കടന്നാക്രമിക്കുക ട്രോളന്‍മാരുടെയും കമ്മ്യൂണിസ്റ്റ് അനുഭാവികളുടെയും മുഖ്യവിനോദമാണ്. ഇപ്പോള്‍ മിസോറം ഗവര്‍ണ്ണര്‍ ആയി സ്ഥാനം ലഭിച്ചിട്ടും ആ പരിഹാസം കുറഞ്ഞിട്ടില്ല. മറിച്ച് ആ സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല എന്നാണു ഇപ്പോള്‍ അവരുടെ വാദം. എന്നാല്‍ അത് എത്രമാത്രം ശരിയാണ് എന്ന് നോക്കാം. കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. കൂടാതെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള അദ്ദേഹം വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദീപിക പത്രത്തിലായിരുന്നു തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം കുറിച്ചത്. അതിനു ശേഷം 1976ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നത്. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് കുമ്മനം സജീവമാവുന്നത്.
വിദ്യാഭ്യാസ യോഗ്യതയാണ് പരിഹസിക്കുന്നവരുടെ മുഖ്യ ആരോപണം എങ്കില്‍ അതില്‍ കുമ്മനത്തിനു ഫുള്‍ മാര്‍ക്ക് നല്‍കാം. ഇനി ഗവര്‍ണ്ണര്‍ പദവിയില്‍ എത്തുവാന്‍ വേണ്ട യോഗ്യതകള്‍ നോക്കുന്നു എങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 157ലും ആര്‍ട്ടിക്കിള്‍ 158ലും ഒരു ഗവര്‍ണര്‍ക്ക് വേണ്ട യോഗ്യതകളെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. ഗവര്‍ണറായി നിയമിതനാകുന്ന വ്യക്തി നിര്‍ബന്ധമായും ഇന്ത്യന്‍ പൗരനായിരിക്കണമെന്നതാണ് അതില്‍ പ്രധാനം. ഗവര്‍ണര്‍ പദവി വഹിക്കാന്‍ 35 വയസ് പ്രായം തികഞ്ഞിരിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്നു. പാര്‍ലമെന്റിലോ, നിയമസഭയിലോ അംഗമായ ഒരാളെ ഗവര്‍ണറായി നിയമിക്കരുതെന്ന് വ്യക്തമായി പറയുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗമായി ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്നവരെയോ, പ്രതിഫലം വാങ്ങുന്നവരെയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കരുത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയേര്‍ഡ് ചെയ്താലും, നിയമസഭയിലും ലോക്‌സഭയിലും കാലാവധി കഴിഞ്ഞാലും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രശ്‌നങ്ങളില്ല.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ അഞ്ച് വര്‍ഷത്തേക്കാണ് ഗവര്‍ണര്‍ പദവിയിലേക്ക് നിയമിക്കുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതി രാജ്ഭവന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മാസം മൂന്നര ലക്ഷം രൂപയാണ് ഗവര്‍ണറുടെ ശമ്പളം. ഇതൊക്കെയാണ് യോഗ്യതകള്‍ എങ്കില്‍ ഇന്ത്യന്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും പാലിച്ചാണ് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായി നിയമിതനാകുന്നത്. മേല്‍പ്പറഞ്ഞ യോഗ്യതകള്‍ മാത്രമാണ് ഒരു ഗവര്‍ണര്‍ക്ക് വേണ്ടത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളൊന്നും ഗവര്‍ണര്‍ പദവിയിലെത്താന്‍ ഒരു തടസവുമല്ല. ഇന്ത്യയിലെ ഭൂരിഭാഗം ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ലോക്‌സഭ, നിയമസഭാ അംഗങ്ങളായിരുന്നവരാണ്. അതുകൊണ്ടുതന്നെ പരിഹസിക്കുന്നതിനു മുന്‍പ് ഇതൊക്കെ ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും.