വീട്ടമ്മ വെടിയേറ്റ്‌ മരിച്ച സംഭവം ; ഭര്‍ത്താവും മകനും അറസ്റ്റില്‍

തോക്കില്‍നിന്ന് വെടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദനെയും (47) മകനെയുമാണ് പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ചിത്രാംഗദന്റെ ഭാര്യ ഷൈജി (37) കൊല്ലപ്പെട്ട കേസിലാണ് നടപടി. ഈ മാസം 19-ന് രാത്രി 10.30 ഓടെയാണ് വീട്ടിലെ അടുക്കളയില്‍വെച്ച് ഷൈജിക്ക് വെടിയേല്‍ക്കുന്നത്. വീടിനുസമീപത്തെ പാറയ്ക്കടുത്തുനിന്ന് ലഭിച്ച തോക്ക് വീട്ടുകാരെ കാണിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നായിരുന്നു മകന്‍ നല്‍കിയ മൊഴി. എന്നാല്‍, തോക്ക് ചിത്രാംഗദന്‍ കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ചതാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മൂന്ന് മക്കളില്‍നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിരുന്നു.

സംഭവദിവസം രാത്രി തിര നിറയ്ക്കാത്ത നാടന്‍തോക്ക് ഉപയോഗിക്കുന്നവിധം അച്ഛന്‍ മകന് കാണിച്ചുകൊടുത്തിരുന്നു. പിന്നീട് അച്ഛന്‍ തോക്കില്‍ തിര നിറച്ചുവെച്ചു. ഇതറിയാതെ മകന്‍ തോക്ക് വീണ്ടും ഉപയോഗിച്ചുനോക്കിയ സമയം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതും അപകടകരമാംവിധം വീട്ടില്‍ സൂക്ഷിച്ചതുമാണ് ചിത്രാംഗദന്റെ പേരിലുള്ള കുറ്റം. അതേസമയം എവിടെ നിന്നാണ് തോക്ക് കിട്ടിയത് എന്ന് വെളിവായിട്ടില്ല.