നിപ്പ ഒരാള്‍ കൂടി മരിച്ചു ; ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി. ഈ മാസം 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിലായിരുന്നു. 29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. അതേസമയം നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം നല്‍കാന്‍ തീരുമാനമായി.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്. നിപ്പയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം. ഈ ഡോക്ടര്‍മാര്‍ ഞായറാഴ്ച ഡല്‍ഹിക്ക് തിരിക്കും.