ഹിന്ദുക്കളുടെ ആക്രമത്തില്‍ നിന്നും മുസ്ലീം യുവാവിനെ ഒറ്റയ്ക്ക് രക്ഷിച്ച് സിഖ് പോലീസ് ഓഫീസര്‍ ; ഇതാണ് യഥാര്‍ത്ഥ ഹിറോയിസം (വീഡിയോ)

ഹിന്ദുക്കളുടെ വര്‍ഗീയാക്രമണത്തില്‍നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പോലീസ് ഓഫീസറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തിലെ താരം. സുഹൃത്തായ ഹിന്ദു യുവതിയുടെ കൂടെ കാണപ്പെട്ടതിന്റെ പേരിലാണ് മുസ്ലിം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്. പോലീസ് ഓഫീസറായ ഗഗന്‍ദീപ് സിങ് ജനരോഷവും തന്‍റെ ജീവനും വകവയ്ക്കാതെ യുവാവിനെ അവിടെ നിന്നും രക്ഷിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ രാംനഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തായ ഹിന്ദു യുവതിക്കൊപ്പം രാംനഗറിലെ ക്ഷേത്രപരിസരത്തുവെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും ഒരുമിച്ചു കണ്ട ഹൈന്ദവ സംഘടനയില്‍പ്പെട്ട ഒരു വിഭാഗം കൂട്ടം ചേര്‍ന്ന് യുവാവിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന്‍ വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് കാണുന്നത് യുവതിയെയും യുവാവിനെയും അക്രമികള്‍ ക്രൂരമായി മര്‍ദിക്കുന്നതാണ്.

ജനക്കൂട്ടത്തിനു നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു യുവാവ്. ഗഗന്‍ദീപ് യുവാവിനെ പൊതിഞ്ഞു പിടിക്കുകയും ആക്രമത്തില്‍നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം തന്റെ ശരീരത്തില്‍ ഏറ്റുവാങ്ങുന്നുമുണ്ട്. പോലീസിന്റെ ഇടപെടലില്‍ കുപിതരായ ജനങ്ങള്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ് പതിവെന്നും ഗഗന്‍ദീപ് സിങ് തന്റെ ജോലി ശരിയായി നിര്‍വ്വഹിച്ചതായും പലരും ചൂണ്ടിക്കാട്ടുന്നു. തന്‍റെ ജീവന്‍ കൊടുത്തും യുവാവിനെ രക്ഷിച്ച ഗഗന്‍സിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.