അമേരിക്കയിലും എണ്ണ വിലയില്‍ വന്‍ വര്‍ധനവ് ; ഇടപെടാതെ സര്‍ക്കാര്‍

ഇന്ത്യയില്‍ മാത്രമല്ല വികസിത രാജ്യമായ അമേരിക്കയിലും ഗ്യാസ് വിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം വര്‍ധനവാണ് ഗ്യാസിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മെമ്മോറിയല്‍ ഡേയിലുണ്ടായിരുന്ന ഗ്യാസിന്റെ വിലയേക്കള്‍ വന്‍വര്‍ധനവാണ് ഈ വര്‍ഷത്തെ മെമ്മോറിയല്‍ ഡേയില്‍ ഉണ്ടായിരിക്കുന്നതെന്ന് ട്രിപ്പിള്‍ എ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുതിച്ചുയര്‍ന്നതോടെയാണ് അമേരിക്കയില്‍ ശരാശരി വില 2.67 സെന്റായി ഉയര്‍ന്നു. മെമ്മോറിയല്‍ ഡേ വീക്കില്‍ 41.5 മില്യന്‍ അമേരിക്കക്കാരാണ് റോഡുമാര്‍ഗം ദീര്‍ഘയാത്ര നടത്തുന്നതിന് തയ്യാറെടുക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു.

ന്യൂയോര്‍ക്ക്, ന്യൂജഴ്സി, ഷിക്കാഗോ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ഗ്യാസിന്റെ വില ഇതിനകം 3 ഡോളറില്‍ കവിഞ്ഞിട്ടുണ്ട്. വാഷിങ്ടനില്‍ കഴിഞ്ഞവര്‍ഷം ഇതേസമയം 2.85 ആയിരുന്ന ഗ്യാസിന്റെ വില നിലവില്‍ 3.45 ആയി വര്‍ധിച്ചിട്ടുണ്ട്. കലിഫോര്‍ണിയ, ഹവായ എന്നിവിടങ്ങളില്‍ 3.70 ഡോളറാണ് ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. ഗ്യാസിന്റെ വില ഉയര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പോലെതന്നെ ഗ്യാസ് വില ഇത്ര വര്‍ധിച്ചിട്ടും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ പ്രതിഷേധിക്കുകയോ, ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേസമയം ലോകത്തെ രണ്ടാമത്തെ ഏറ്റവുംവലിയ എണ്ണ ഉത്പാദനം നടക്കുന്ന രാജ്യമായ അമേരിക്കയില്‍ എണ്ണ വില ഇങ്ങനെ വര്‍ധിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്.