തന്നെ എതിര്‍ക്കുന്നത് രാജ്യത്തിനെ എതിര്‍ക്കുന്നതിനു തുല്യം ; രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ട് : മോദി

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും തന്നെ എതിര്‍ക്കാനുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ തന്നെ എതിര്‍ക്കുന്നതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും പറഞ്ഞു. ദളിത് വിഭാഗക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഗ്രസ് തമാശയായാണ് കാണുന്നത്. പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളെ നിന്ദ്യമായി കണക്കാക്കുകയും അവയില്‍ തടസ്സങ്ങളുണ്ടാക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

സ്ത്രീകള്‍ക്കുവേണ്ടി ശൗചാലയം നിര്‍മ്മിക്കുന്നത്, ശുചിത്വഭാരതം എന്ന ആശയം, സൗജന്യ എല്‍പിജി കണക്ഷന്‍ തുടങ്ങിയവയെല്ലാം കോണ്‍ഗ്രസിന് തമാശയാണ്. കുടുംബവാഴ്ച്ച നടത്തുന്നവര്‍ക്ക് ഇതെല്ലാം തമാശയായെ കാണാനാവൂ. അവര്‍ ഇന്ത്യയെ തന്നെയാണ് പരിഹസിക്കുന്നതും എതിര്‍ക്കുന്നതും. അവര്‍ക്ക് കുടുംബമാണ് രാജ്യം. എനിക്കാവട്ടെ രാജ്യമാണ് കുടുംബം,അതുകൊണ്ട തന്നെ എന്നെ എതിര്‍ക്കുന്നത് രാജ്യത്തെത്തന്നെ എതിര്‍ക്കുന്നതിന് തുല്യമാണ്.’ മോദി പറഞ്ഞു. അത്യാഗ്രഹികളാണ് രാഷ്ട്രീയത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. അങ്ങനെയുള്ളവര്‍ക്ക് പ്രീണനരാഷ്ട്രീയമേ വശമുള്ളു.