കോട്ടയം : പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി
പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിനെയാണ് മാന്നാനത്ത് വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. കെവിനെ കാണാതായിട്ട് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല സംഭവത്തില്‍ പരാതിനല്‍കിയിട്ടും പോലീസ് വേണ്ടവിധത്തില്‍ നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കെവിനും പത്തനാപുരം പുന്നല സ്വദേശിനിയായ യുവതിയും തമ്മില്‍ രജിസ്റ്റര്‍ വിവാഹം നടന്നത്.
ഈ വിവാഹത്തിന് സാധുത ലഭിക്കാന്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി നിലനില്‍ക്കെയാണ് യുവതിയുടെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ട് പോയത്. അതേസമയം കെവിനെ കൊണ്ടുപോകുന്നത് തടഞ്ഞ കെവിന്റെ അമ്മാവന്റെ മകനായ അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയി. പുനലൂര്‍ ഭാഗത്തേക്കാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. കാറിനുള്ളില്‍ വെച്ച് ഇരുവരെയും മര്‍ദ്ദിച്ച ശേഷം പോകുന്ന വഴിയില്‍ പത്തനാപുരം തെന്മല ഭാഗത്ത് വെച്ച് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടു. ഇതിനിടയില്‍ കെവിനെ കാണാതായെന്ന് അനീഷ് പറയുന്നു. തുടര്‍ന്ന് അനീഷിനെ ക്വട്ടേഷന്‍ സംഘം തിരിക കൊണ്ടുവിട്ടുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ അനീഷ് പറയുന്നു.