സംസ്ഥാന പ്രസിഡന്റായി ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ഇദ്ദേഹത്തെയോ ?

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണര്‍ ആയി നിയമിച്ചതിനു പിന്നാലെ പകരക്കാരനായുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ തുടങ്ങി. പ്രസ്ഥാനത്തിന് ഇതുവരെ നല്‍കിയ ശക്തമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ പദവിയെന്നു ബിജെപി പറയുമ്പോള്‍, ചെങ്ങന്നൂര്‍ ഇലക്ഷന്‍ പ്രചാരണം പോലും ആവസിക്കുന്നതിനു മുന്‍പുള്ള കുമ്മനത്തിന്റെ സ്ഥാനമാറ്റം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണെന്ന് സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പുതിയ സംസ്ഥാന പ്രസിഡന്റ് ആയി യുവാക്കളെ പരിഗണിക്കും എന്ന് വി മുരളീധരന്‍ എംപി. എന്നാല്‍ ആര്‍എസ്എസ് പറയുന്നതിനപ്പുറം പോകാന്‍ ബിജെപിക്ക് കഴിയില്ല. സംസ്ഥാനത്തു നിലവിലുള്ള നേതാക്കള്‍ ആരും തന്നെ വേണ്ട എന്നാണ് ആര്‍എസ്എസ് തീരുമാനം.

പകരക്കാരന്‍ ആര്:
കേരളത്തില്‍ കൂടുതല്‍ നിയമസഭാ സീറ്റുകള്‍, ഒന്നോ രണ്ടോ ലോക്സഭാ സീറ്റ് അമിത് ഷായുടെ ഈ സ്വപ്നങ്ങള്‍ യെഥാവിധി നടപ്പാക്കാന്‍ കഴിവുള്ള വ്യകതിയെയാണ് വേണ്ടത്. ആര്‍എസ്എസ് അഖിലേന്ത്യ പ്രചാര്‍ പ്രമുഖ് ആയിരുന്ന ജെ നന്ദകുമാര്‍ അല്ലെങ്കില്‍ മധ്യപ്രദേശില്‍ ബിജെപി സംഘടനാ ചുമതലയുള്ള അരവിന്ദ് മേനോന്‍ എന്നിവരാണ് ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത്.

അമിത് ഷായുമായി അടുത്ത ബന്ധമുള്ള നന്ദകുമാര്‍ സ്ഥാനമേല്‍ക്കാന്‍ തയ്യാറാണെങ്കില്‍ പിന്നെ മറ്റാരെയും പരിഗണിക്കില്ല. ലക്ഷ്യം നേടാന്‍ ഷായുടെ തന്ത്രങ്ങള്‍ എന്തുതന്നെയായാലും അത് അതേപടി നടപ്പിലാക്കാനും സംസ്ഥാന ഘടകത്തെ കൊണ്ട് നടപ്പിലാക്കാനും കഴിവുള്ള ആളാണ് നന്ദകുമാര്‍. ഇപ്പോള്‍ പ്രജ്ഞാ പ്രവഹിന്റെ അഖിലേന്ത്യ കണ്‍വീനര്‍ ആണ് ഇദ്ദേഹം. സംഘപരിവാറിലെ ബുദ്ധിജീവികള്‍ അടങ്ങുന്ന സംഘടനയാണ് പ്രജ്ഞ പ്രവാഹ്. ട്വിറ്ററില്‍ സജീവ സാന്നിധ്യമുള്ള ചുരുക്കം ആര്‍എസ്എസ് പ്രചാരകന്മാരില്‍ ഒരാളാണ് നന്ദകുമാര്‍.
നവമാധ്യമങ്ങളില്‍ പൊതുവെ എന്തെങ്കിലും പറഞ്ഞു ചര്‍ച്ച തുടങ്ങി വച്ച് മുഴുവിപ്പിക്കാതെ പോകുന്നവരാണ് പൊതുവെ കേരളത്തിലെ നേതാക്കള്‍. ഇതില്‍ നിന്നും വ്യത്യസ്തനാണ് നന്ദകുമാര്‍. ആര്‍എസ്എസ് ആദര്‍ശങ്ങളെ മുറുകെ പിടിച്ച് ഏതു ആശയ സംവാദങ്ങളിലും വ്യക്തമായ നിലപാടുകളും അഭിപ്രങ്ങളും തന്മയത്തത്തോടെ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.