നിപ്പ വൈറസ് ഒരാള്‍ കൂടി മരിച്ചു ; മരണം പതിനാലായി

നിപ്പ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. പാലാഴി സ്വദേശി എബിനാണ് (26) ഇന്ന് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഒമ്പത് പേരെ കൂടി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ ആകെ 15 പേര്‍ക്കാണ് നിപ്പാ ബാധ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. അതില്‍ 12 പേര്‍ മരിച്ചു. ആദ്യം മരിച്ച സാബിത്തിനെ കൂടാതെയാണിത്. അതേസമയം സാബിത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല.

വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 175 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. നിപ്പ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും അവരുടെ വീടുകളില്‍ പോയവരുമായ വ്യക്തികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പരമാവധി ജാഗ്രത പുലര്‍ത്തുക എന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരെയും നിപ്പ വൈറസ് ബാധ പരിശോധിക്കുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തിവെച്ചു. രോഗലക്ഷണം ഇല്ലാത്ത ഇവരെ പരിശോധിച്ചാല്‍ ഫലം നെഗറ്റീവാകും എന്നതിനാലാണിത്. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരില്‍ നിന്നുള്ള സാമ്പിളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്.