1700 കോടി ഡോളര്‍ മൂല്യവുമായി മൂന്ന് നൂറ്റാണ്ട് കടലിന്റെ അടിയില്‍ മുങ്ങിയ വിശുദ്ധ തിരുവത്താഴ നിധി കണ്ടെത്തി
മുന്നൂറ് വര്‍ഷം മുമ്പ് കൊളംബിയന്‍ തീരത്ത് മുങ്ങിയ സ്പാനിഷ് കപ്പലായ സാന്‍ ജോസിലെ നിധി ഒടുവില്‍ കണ്ടെത്തി. നൂറ്റാണ്ടുകള്‍ നീണ്ട നിധി വേട്ടയ്‌ക്കൊടുവില്‍ REMUS 6000 എന്ന റോബോര്‍ട്ടാണ് നിധി കണ്ടെത്തിയത്. വിശുദ്ധ തിരുവത്താഴമെന്നാണ് (HOly grail) ഈ നിധി അറിയപ്പെടുന്നത്. ഏകദേശം 1.16 ലക്ഷം കോടി രൂപ (1700 കോടി ഡോളര്‍)യാണ് നിധിയുടെ മൂല്യം. ബ്രിട്ടനെതിരായ യുദ്ധത്തില്‍ സാമ്പത്തിക സഹായമെത്തിക്കുന്നതിന് അമേരിക്കയില്‍ നിന്നും സ്‌പെയിനിലേക്ക് പോവുകയായിരുന്നു സാന്‍ജോസ് എന്ന കപ്പലാണ് 1708 ജൂണ്‍ എട്ടിനു വലിയ തോതില്‍ സ്വര്‍ണ്ണവും വെള്ളിയും എമറാള്‍ഡും അടക്കമുള്ള അമൂല്യ വസ്തുക്കളുമായി കൊളംബിയന്‍ തീരത്ത് മുങ്ങിയത്. ബ്രിട്ടീഷ് കപ്പലുകളുമായുള്ള യുദ്ധത്തിനൊടുവിലായിരുന്നു സാന്‍ജോസ് മുങ്ങിയത്.
ബ്രിട്ടീഷ് കപ്പല്‍ പടയാണ് കപ്പലിനെ കടലില്‍ മുക്കിയത്. അതേസമയം നിധി കണ്ടെത്തിയെങ്കിലും ഇതുവരെ എവിടെയാണ് അതുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഈ കപ്പല്‍ നിധിയുടെ ഉടമസ്ഥ തര്‍ക്കം തുടരുന്നതിനാലാണിത്. രാജ്യങ്ങള്‍ മാത്രമല്ല സ്വകാര്യ കമ്പനികള്‍ വരെ ഈ വിശുദ്ധ തിരുവത്താഴ നിധിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നുണ്ട്. കൊളംബിയന്‍ നാവികസേനയുടേയും കൊളംബിയന്‍ പുരാവസ്തു വിഭാഗത്തിന്റേയും രാജ്യാന്തര വിദഗ്ധരുടേയും സംയുക്ത തിരച്ചിലില്‍ 2015ല്‍ തന്നെ ഈ നിധി കണ്ടെത്തിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് വിവരം പുറംലോകത്തിനെ അറിയിക്കുന്നത്.