നവവരന്റെ കൊലപാതകം ; പോലീസ് അനാസ്ഥക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ; പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എന്ന് ആരോപണം
പ്രണയിച്ച് വിവാഹം കഴിച്ച പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നവവരന്റെ കൊലപാതകികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധം എന്ന് ആരോപണം. അതുപോലെ പോലീസ് പരാതി സ്വീകരിക്കാതിരിക്കുവാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായി എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായി സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇശാല്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അതുപോലെ തട്ടിക്കൊണ്ട് പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന നിയാസ് എന്നയാള്‍ ഡിവൈഎഫ്‌ഐയുടെ തെന്മല യൂണിറ്റ് ഭാരവാഹിയാണെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ 10 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. അതുപോലെ പ്രതികളെ സംബന്ധിച്ച് പോലീസിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ ഇടപടലാണ് പോലീസ് നിഷ്‌ക്രിയമാകുവാന്‍ കാരണം. പരാതിയുമായി കെവിന്‍റെ അച്ഛനും ഭാര്യയും പോലീസിനെ സമീപിച്ചു എങ്കിലും പരാതി സ്വീകരിക്കുവാന്‍ പോലീസ് ആദ്യം തയ്യാറായിരുന്നില്ല.
അതേസമയം കാറിനുള്ളില്‍ വെച്ചു തന്നെ ഏറ്റ മര്‍ദ്ദനത്തില്‍ കെവിന്‍ മരിച്ചിരിക്കാമെന്നു പോലീസ് പറയുന്നു. മുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തില്‍ നിന്നും തള്ളിയിട്ടതാകാമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകല്‍ നടത്തിയതെന്നും ഇവരുടെ സംഘത്തെ തെന്മലയിലും പുനലൂരിലും തമ്പടിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹത്തില്‍ നിറയെ മുറിവുകളും പരിക്കുകയും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കണ്ണുകള്‍ ചൂഴ്ന്ന്‍ എടുത്ത നിലയിലാണ് മൃതദേഹം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് പുലര്‍ച്ചെ സംഘത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശാല്‍ എന്നയാള്‍ നല്‍കിയ വിവരം അനുസരിച്ച് നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കെവിനെ ഇവിടെവെച്ചാണ് കാണാതായതെന്നും ഇയാള്‍ ഇവിടെ വെച്ച് ചാടിപ്പോകുകയായിരുന്നെന്നും ഇശാല്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഇശല്‍.