കെവിന്‍റെ കൊലപാതകം രണ്ടുപേര്‍ കൂടി പിടിയില്‍ ; മൃതദേഹം കോട്ടയത്തെത്തിച്ചു
കോട്ടയം സ്വദേശി കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി. കെവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയ ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്,റിയാസ് മന്‍സിലില്‍ റിയാസ് എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. തിരുനെല്‍വേലിയില്‍ നിന്ന് തെന്മല പോലീസാണ് ഇവരെ പിടികൂടിയത്. കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ് വിവരം. അതേസമയം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കെവിന്‍റെ മൃതദേഹം കോട്ടയത്ത് എത്തിച്ചു. പ്രധാന റോഡുകളൊന്നും കടന്നുപോകാത്ത ചാലിയേക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയിലെ തോട്ടിലായിരുന്നു മൃതദേഹം. ഊടുവഴികളിലൂടെ ആസൂത്രിതമായാണ് കെവിനെ ഇവിടെ എത്തിച്ചത് എന്ന് വ്യക്തം. ഒരു ഭാഗം റബ്ബര്‍ തോട്ടങ്ങളും മറുഭാഗം കാടും പങ്കിടുന്ന തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്നും രക്ഷപ്പെട്ടു ഓടുന്നതിന് ഇടയില്‍ കെവിന്‍ തോട്ടില്‍ കാല്‍വഴുതി വീണതാവാമെന്ന സംശയം പോലീസ് ഉന്നയിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.
കണ്ണുകള്‍ ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. മര്‍ദനത്തിന്റെ പാടുകള്‍ ശരീരത്തില്‍ കണ്ടു. റോഡില്‍ നിന്നും ഒരാളെ വലിച്ചുകൊണ്ടുപോയതിന്റെ തെളിവുകളുമുണ്ട്. റോഡില്‍ നിന്നും 350 മീറ്ററോളം അകലെ ഒരാള്‍ എങ്ങനെ കാല്‍ വഴുതി വീഴുമെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. ആള്‍പ്പാര്‍പ്പില്ലാത്ത ഇവിടെ കെവിന്‍ എന്തിന് വന്നു എന്ന ചോദ്യത്തിനു മുന്‍പില്‍ പോലീസിനും ഉത്തരം മുട്ടി. ഇതോടെ പോലീസിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ സംഘടനകളുമെത്തി. അതോടെ പോലീസിന് ചെറുത്തു നില്‍ക്കാന്‍ കഴിയാതെ വന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മതി ഇന്‍ക്വസ്റ്റ് എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കനത്ത മഴയത്ത് പ്രതിഷേധം ഒന്നടങ്ങിയ ശേഷം തന്ത്രപൂര്‍വമാണ് മൃതദേഹവുമായി പോലീസ് കോട്ടയത്തേക്ക് പുറപ്പെട്ടത്. തുടര്‍ന്ന്‍ നഗരം മുഴുവന്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് കെവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുന്നിലെത്തിയത്. ആള്‍ക്കൂട്ടം ആംബുലന്‍സ് തടഞ്ഞു. പോലീസിന്റെ നിര്‍ദേശം വകവെക്കാതെ ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ നേതാക്കള്‍ ഇടപെട്ടാണ് ആംബുലന്‍സ് കടത്തിവിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു കാറുകളിലായി എത്തിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്.