ടെലികോം വിപണി കയ്യടക്കാന്‍ പതഞ്‌ജലി സിമ്മുമായി ബാബാ രാംദേവ്

ടെലികോം രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി പ്രശസ്ത യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി എന്ന പേരില്‍ സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഞായറാഴ്ച്ച പുറത്തിറക്കിയ സിം കാര്‍ഡുകളിന്മേല്‍ ഉപയോക്താക്കള്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് പതഞ്ജലി നല്‍കുന്നത്. 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കള്‍ക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പതഞ്ജലി കമ്പനി ജീവനക്കാര്‍ക്ക് മാത്രമാണ് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ ലഭ്യമാകുക. സിം കാര്‍ഡുകള്‍ പൊതുജനങ്ങള്‍ക്ക് എപ്പോള്‍ മുതലാണ് ലഭ്യമാകുക എന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍, മാസങ്ങള്‍ക്കകം തന്നെ ഇവ വിപണിയിലേക്കെത്തുമെന്നാണ് അനൗദ്യോഗികവിവരം.

സിം കാര്‍ഡുകള്‍ പൊതുജനങ്ങളിലേക്കെത്തുന്നതോടെ പതഞ്ജലി ഉല്പന്നങ്ങളില്‍ 10 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും. സ്വദേശി സമൃദ്ധി സിം ഉപയോക്താക്കള്‍ 144 രൂപയ്ക്കാണ് റീചാര്‍ജ് ചെയ്യേണ്ടത്. 2 ജിബി ഡേറ്റയ്ക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യത്തിനും പുറമേ 100 സൗജന്യ എസ്എംഎസുകളും സേവനത്തിന്റെ ഭാഗമാണ്. വാലിഡിറ്റി കാലാവധി സംബന്ധിച്ച് ബിഎസ്എന്‍എല്‍ അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. പതഞ്ജലിയുടെ സഹകരണത്തോടെയുള്ള ഈ പദ്ധതി ഇതുവരെയുള്ള പദ്ധതികളിലേറ്റവും മികച്ചതാണെന്നാണ് ബിഎസ്എന്‍എല്‍ വിലയിരുത്തല്‍. ഫ്‌ളിപ്കാര്‍ട്ട്,ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഈ വര്‍ഷമാദ്യം പതഞ്ജലി പ്രഖ്യാപിച്ചിരുന്നു.