ഡബ്ലിയു.എം.എഫ് വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍ ലോക കേരള സഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ വെസ്റ്റ് ഇന്‍ഡീസ് കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലകൃഷ്ണന്‍ പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ മാതൃകയില്‍ രൂപം നല്‍കിയ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിയമിതനായി.
സര്‍ക്കാര്‍ രൂപം നല്‍കിയ ഏഴു സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുള്ള വരുമാനമാര്‍ഗ്ഗവും എന്ന കമ്മിറ്റിയില്‍ ചുമതലയുള്ള പ്രവര്‍ത്തനമാണ് സിബി ഗോപാലകൃഷ്ണനെ തേടിയെത്തിയത്. ഡോ. കെ.ജെ.യേശുദാസ്, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ഡോ. എം.എസ്.വല്യത്താന്‍, ടി.ജെ.എസ്.ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ ഈ ഏഴു കമ്മിറ്റികളിലായുണ്ട്.
സംസ്ഥാനത്തിന്റെ വികസനത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നാം സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പ്രമുഖ വ്യവസായി രവി പിള്ളയാണ്. പ്രവാസി നിക്ഷേപവും സുരക്ഷയും കൈകാര്യം ചെയ്യുന്ന രണ്ടാം സ്റ്റാന്‍ഡിങ് കമ്മിറ്റിയെ എം.എം.യൂസഫലി നയിക്കും. പ്രവാസികളുടെ പുനരധിവാസം നോക്കേണ്ട കമ്മിറ്റിയില്‍ ഡോ.ആസാദ് മൂപ്പനും, കുടിയേറ്റ കമ്മിറ്റിയില്‍ സി.വി.റപ്പായിയും ചെയര്‍മാന്‍മാരാണ്.
പ്രവാസി വനിതകളുടെ ക്ഷേമത്തിനായുളള കമ്മിറ്റിയുടെ അധ്യക്ഷ സുനിത കൃഷ്ണനാണ്. സാംസ്‌കാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയില്‍ പ്രഫ. കെ.സച്ചിദാനന്ദന്‍ ചെയര്‍മാന്‍ ആയപ്പോള്‍ പ്രവാസികളുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സമിതിയില്‍ എഴുത്തുകാരന്‍ എം.മുകുന്ദനാണു ചെയര്‍മാന്‍. എല്ലാ കമ്മിറ്റികളിലും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ കണ്‍വീനറും സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ജോയന്റ് കണ്‍വീനറുമാണ്.
കഴിഞ്ഞ 15 വര്‍ഷം ആയി വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂസിയയില്‍ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ സിബി ലോക കേരള സഭയില്‍ ലാറ്റിന്‍ അമേരിക്ക-കരിബീയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു. ഡോ: രജനിയാണ് ഭാര്യ. മകന്‍ ഒമാര്‍ സിബി.