പോലീസ് ചെയ്ത കുറ്റത്തിന് മാധ്യമങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് പിണറായി വിജയന്‍
കെവിന്‍റെ കൊലപാതകത്തില്‍ കേരളാ പോലീസിന് ഉണ്ടായ വീഴ്ച്ച സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിനെ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത എസ്‌ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപമാണ്. പോലീസിന് വീഴ്ച്ചയുണ്ടായാല്‍ അവരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കില്ല. കെവിനെ കാണാതായ ദിവസം പുലര്‍ച്ചെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ എസ്‌ഐ തയ്യാറായില്ല. ഇത് അസാധാരണമായ കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെയോ അതിനു ശേഷമോ നടന്ന തന്റെ പരിപാടികളിലൊന്നും എസ്‌ഐക്ക് ചുമതലയുണ്ടായിരുന്നില്ല. എസ്‌ഐക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ വീഴ്ച്ച സമ്മതിക്കുമ്പോള്‍ തന്നെ അത് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരായി ആഞ്ഞടിക്കാനുള്ള ആയുധമായും മുഖ്യമന്ത്രി മാറ്റുകയായിരുന്നു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ദിവസം നടന്ന കൊലപാതകം സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഈ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത ആളല്ല താന്‍. ന്യായമായ വിമര്‍ശനങ്ങളാണെങ്കില്‍ താന്‍ അംഗീകരിക്കും. വിമര്‍ശകര്‍ക്ക് ന്യായമെന്ന് തോന്നുന്നതേ താന്‍ അംഗീകരിക്കാറുള്ളു. ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. ചാനലില്‍ ഇരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. മാധ്യമങ്ങളല്ല, തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ഇരിയ്ക്കുന്ന സ്ഥാനത്തിന്റെ മാന്യതയോര്‍ത്ത് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പിണറായി പറഞ്ഞു.