ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി

സ്വന്തം ലേഖകന്‍

ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ് നടത്തിയതായി ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. കുറവിലങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യൂ ക്രിസ്പ്പ് എന്ന ഏജന്‍സിയാണ് നിരവധി തൊഴില്‍ അന്വേക്ഷരില്‍ നിന്നും ഹെല്‍സിങ്കിയിലെ പ്രമുഖ ആശുപത്രിയുടെ വ്യാജ മേല്‍വിലാസവും വെബ്സൈറ്റും, ലെറ്റര്‍ ഹെഡും ഉപയോഗിച്ച് പണം കൈക്കലാക്കിയത്.

ലക്ഷങ്ങള്‍ നല്‍കി വിസയ്ക്കായി കാത്തിരുന്ന ചില നേഴ്സുമാര്‍ ഫിന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തകരെ തങ്ങള്‍ക്കു ലഭിച്ച ഓഫര്‍ ലെറ്റര്‍ കാണിച്ച് കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്താകുന്നത്. എഡ്യൂ ക്രിസ്പ്പ് എന്ന ഏജന്‍സി നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നും അത്ത്രത്തില്‍ ഫിന്‍ലന്‍ഡില്‍ യാതൊരുതരത്തിലുള്ള നേഴ്സിങ് റിക്രൂട്ട്‌മെന്റും നടക്കുന്നില്ല എന്നറിഞ്ഞത്.

തുടര്‍ന്ന് ഡബ്ലിയു എം എഫ് പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പതിനാലു പേരുടെ പക്കല്‍നിന്നും വാങ്ങിച്ച തുക തിരികെ ലഭിക്കാന്‍ തുണയാകുകയും ചെയ്തു. ഓരോ ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്നും നാല് മുതല്‍ ആറ് ലക്ഷം രൂപവരെ വാങ്ങിയതായിട്ടാണ് തട്ടിപ്പില്‍ അകപ്പെട്ടവര്‍ പറഞ്ഞത്. ഇത്തരുണത്തില്‍ പല സംസ്ഥാനങ്ങളില്‍ നിന്നായി 90 പേരെങ്കിലും വന്‍ തുക നല്കിയതായിട്ടാണ് വിവരം. പല ഉദ്യോഗാര്‍ത്ഥികളും ഒരിക്കലും കണികാണാന്‍ കഴിയാത്ത വിസയും കാത്തിരിക്കുകയാണ് ഇപ്പോഴും.

അതേസമയം ഈ ഏജന്‍സി നല്‍കിയ രീതിയില്‍ യാതൊരു ജോലി സാധ്യതയും രാജ്യത്ത് നടക്കുന്നില്ല എന്ന് ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയുടെ അന്വേക്ഷണത്തിലും, വേള്‍ഡ് മലയാളി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിന്നും മനസിലായത്. നിയമോപദേശങ്ങള്‍ തേടി വിദേശ കാര്യ മന്ത്രാലയത്തിനും, ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിക്കും വിവരങ്ങള്‍ നല്‍കുകയും, എംബസി വളരെ പെട്ടെന്നു വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുകയും കേരളത്തിലെ റസിഡന്റ് കമ്മീഷണര്‍ക്കു തട്ടിപ്പിന്റെ വിവരം നല്‍കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പില്‍ ഓരോ രാജ്യത്തും ഓരോ ജോലിക്കും അതിന്റെതായ നിയമങ്ങളുണ്ട്. ഫിന്‍ലന്‍ഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടെ നഴ്‌സിംഗ് ജോലിക്ക് നാഷണല്‍ സൂപ്പര്‍വൈസറി അതോറിറ്റി ഫോര്‍ വെല്‍ഫെയര്‍ ആന്‍ഡ് ഹെല്‍ത്ത് (Valvira) ഡിപ്പാര്‍ട്ട്മെന്റിന്റെ സര്‍ട്ടിഫിക്കേഷന്‍ അത്യാവശ്യമാണ്. ഒപ്പം ഫിന്നിഷ് അല്ലെങ്കില്‍ സ്വീഡിഷ് ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം (https://www.nurses.fi/nursing_and_nurse_education_in_f/working-as-a-nurse-in-finland/) …

തട്ടിപ്പിന്റെ പ്രഭാകേന്ദ്രമായ എഡ്യൂ ക്രിസ്പ്പ് എന്ന ഏജന്‍സിയുടെ മുന്‍കാല ചരിത്രം അജ്ഞാതമാണ്. നടത്തിപ്പുകാര്‍ മറ്റേതോ സ്ഥലങ്ങളില്‍ നിന്നും കുറവിലങ്ങാട് എത്തി ഏജന്‍സി തട്ടിക്കൂട്ടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും ഇല്ലാത്ത ഈ ഏജന്‍സി നല്‍കിയ ലെറ്റര്‍ഹെഡില്‍ പോലും ഇംഗ്ലീഷ് അക്ഷരത്തെറ്റ് വരുത്തിയിട്ടുണ്ട്.

നഴ്‌സിംഗ്, ഇലെക്ട്രിഷ്യന്‍, ഹൌസ് കീപ്പിങ് തുടങ്ങിയ മേഖലകളില്‍ ജോലിവാഗ്ദാനം നല്‍കിയാണ് അപേക്ഷകരില്‍ നിന്നും പണം ഈ ഏജന്‍സി തട്ടിയെടുക്കന്നത്. യാഥാര്‍ത്ഥത്തില്‍ എത്രപേര്‍ തട്ടിപ്പില്‍ അകപ്പെട്ടതായി കൃത്യമായ കണക്കുമില്ല. കഴിഞ്ഞ ദിവസങ്ങളിലായി തുക നല്‍കിയ പല വ്യക്തികളും സത്യം മനസിലാക്കി തുക തിരികെ വാങ്ങിക്കാന്‍ എത്തിയിരുന്നു. ഇതിനിടയില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ ഡല്‍ഹിയിലേക്ക് കടന്നതായി വിവരമുണ്ട്.

കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പണം തിരികെ ആവശ്യപ്പെട്ടു ഏജന്‍സിയില്‍ എത്തുമെന്നാണ് കരുതുന്നത്. നിയമോപദേശങ്ങള്‍ നല്‍കിയ വര്‍ക്കല സബ് ഇന്‍സ്പെക്ടര്‍ പ്രജുവിനോടും ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകരോടും പണം ലഭിച്ചവര്‍ നന്ദി അറിയിച്ചു.

(തുടരും…)